ന്യൂഡൽഹി
ആഗോള ജിഡിപിയുടെ 85 ശതമാനവും സംഭാവന ചെയ്യുന്നതും ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ടും ഉൾപ്പെടുന്നതുമായ രാജ്യങ്ങൾ പങ്കെടുക്കുന്ന ദ്വിദിന ജി–-20 ഉച്ചകോടിക്ക് ഡൽഹിയിൽ ശനിയാഴ്ച തുടക്കമാകും. പ്രഗതി മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ ‘ഭാരത് മണ്ഡപ’ത്തിലാണ് രാഷ്ട്രത്തലവന്മാരും പ്രതിനിധികളും ചർച്ചനടത്തുക. യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ യൂണിയൻ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കും. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ (വസുധൈവ കുടുംബകം) എന്നാണ് ഉച്ചകോടിയുടെ സന്ദേശം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർ പങ്കെടുക്കുന്നില്ല. പകരം റഷ്യന് വിദേശമന്ത്രി സെർജി ലാവ്റോവും ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങു പങ്കെടുക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയവര് വെള്ളിയാഴ്ച എത്തും.
മാർച്ചിൽ നടന്ന ജി20 വിദേശമന്ത്രിമാരുടെ യോഗത്തിനു സമാനമായി റഷ്യ–-ഉക്രയ്ൻ യുദ്ധംതന്നെയാകും ഉച്ചകോടിയിലെ പ്രധാന ചർച്ച. സംയുക്ത പ്രസ്താവന ഇറക്കാനാകാതെയാണ് അന്ന് യോഗം പിരിഞ്ഞത്. യോഗം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ഏകപക്ഷീയമായി അമേരിക്ക പ്രതികരിച്ചതും കല്ലുകടിയായി. ഉക്രയ്ൻ വിഷയം ഉച്ചകോടിയിൽ കേന്ദ്രസ്ഥാനത്തെത്തിയാൽ രാഷ്ട്രത്തലവന്മാരുടെ സംയുക്ത പ്രസ്താവനയും അസാധ്യമായേക്കും. ആഗോള കടബാധ്യത പുനഃക്രമീകരിക്കൽ, കാലാവസ്ഥാ വ്യതിയാന പ്രതിരോധം, ക്രിപ്റ്റോ കറൻസിക്ക് ആഗോള ചട്ടക്കൂട് തുടങ്ങി വിഷയങ്ങളും ചര്ച്ചയാകും. ഉച്ചകോടി സമാപിക്കുന്ന ഞായറാഴ്ച രാഷ്ട്രത്തലവന്മാർ ഗാന്ധി സമാധി സന്ദർശിക്കും.