ആലുവ
എടയപ്പുറത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി ക്രിസ്റ്റിൽ രാജിനെ മണിക്കൂറുകൾക്കകം കുടുക്കിയത് പൊലീസിന്റെ അന്വേഷണമികവ്. രാത്രി ട്രെയിനിൽ രക്ഷപ്പെടാൻ കണക്കുകൂട്ടിയിരുന്ന ക്രിസ്റ്റിൽ രാജിനെ പഴുതടച്ച അന്വേഷണത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴം പുലർച്ചെ 2.15നാണ് സമീപവാസി, പ്രതിക്കൊപ്പം കുട്ടിയെ കണ്ടത്. സംശയം തോന്നി അയൽക്കാരെയുംകൂട്ടി അന്വേഷണം തുടങ്ങി. കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിയ ഉടൻ പൊലീസിനെ അറിയിച്ചു. പട്രോളിങ് സംഘമുൾപ്പെടെ കുതിച്ചെത്തുമ്പോൾ സമയം പുലർച്ചെ മൂന്ന്. ആദ്യം കുട്ടിയെ ആശുപത്രിയിലാക്കി. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും പീഡനത്തിനിരയാക്കിയെന്നും അമ്മയുടെ ഫോൺ നഷ്ടമായെന്നുമുള്ള വിവരങ്ങളാണ് ആദ്യം പൊലീസിന് ലഭിച്ചത്. പ്രതി മലയാളം സംസാരിച്ചെന്നും മനസ്സിലായി.
സിസിടിവി ദൃശ്യങ്ങളും നഷ്ടമായ മൊബൈൽഫോണും കേന്ദ്രീകരിച്ച് ഉടൻ അന്വേഷണം തുടങ്ങി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. കുട്ടിയുടെ വീടിന് സമീപത്തെയും ടവർ ലൊക്കേഷൻ സിഗ്നൽ ലഭിച്ച സ്ഥലങ്ങളിലെ വീടുകളിലെയും സിസിടിവി ദൃശ്യങ്ങളുമെടുത്തു. സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള ഡോക്ടറുടെ വീട്ടിൽനിന്ന് പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചു. ഈ ദൃശ്യങ്ങൾ മറ്റു സ്റ്റേഷനുകളിലേക്ക് കൈമാറി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബാറുകൾ, അതിഥിത്തൊഴിലാളികളുടെ താമസ കേന്ദ്രങ്ങൾ ഉൾപ്പെടെ പൊലീസ് സംഘങ്ങളായി തിരിഞ്ഞ് അന്വേഷിച്ചു. ഇതിനിടയിൽ പ്രതി തിരുവനന്തപുരം ചെങ്കൽ സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. ക്രിസ്റ്റിൽ രാജിനെ തിരിച്ചറിഞ്ഞതിനൊപ്പം ഇയാൾ നടത്തിയ കുറ്റകൃത്യങ്ങളുടെ വിവരങ്ങളുമെടുത്തു.
ഇതിനിടെ പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ പ്രതി മാർത്താണ്ഡവർമ പാലത്തിനടിയിൽ ഒളിക്കാൻ ശ്രമിച്ചു. രാത്രി പുറത്തിറങ്ങി ട്രെയിൻ കയറുകയായിരുന്നു ലക്ഷ്യം. അപ്പോഴേക്കും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്ഐ എസ് എസ് ശ്രീലാലും സംഘവും ക്രിസ്റ്റിൽ രാജിനെ കണ്ടത്തി. സമയം പകൽ 3.30. പിന്നെയെല്ലാം മിന്നൽ വേഗത്തിൽ. രക്ഷപ്പെടാൻ പ്രതി പുഴയിലേക്ക് ചാടി. സിഐടിയു അംഗങ്ങളായ ചുമട്ടുതൊഴിലാളികൾ പുഴയിലേക്ക് ചാടി പ്രതിയെ കരയ്ക്കെത്തിച്ച് ആലുവ ഇൻസ്പെക്ടർ എം എം മഞ്ജുദാസിന് കൈമാറി. ആലുവ റൂറൽ എസ്പി വിവേക്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.