മുംബൈ
ഏഷ്യൻ ഗെയിംസിനായി ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങൾ നീട്ടണമെന്ന ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ ആവശ്യം തള്ളി. 21ന് കൊച്ചിയിലാണ് ഐഎസ്എൽ പത്താംപതിപ്പിന്റെ കിക്കോഫ്. കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും രാത്രി എട്ടിന് മുഖാമുഖം കാണും. മുൻ സീസണിൽ കളി ഏഴരയ്ക്കായിരുന്നു.
കഴിഞ്ഞ സീസണിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴുണ്ടായ വിവാദം പിഴയിലും വിലക്കിലുമാണ് കലാശിച്ചത്. ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയ്യാറെടുക്കുന്നതിനുമുമ്പ് കിക്കെടുത്ത് ബംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി ഗോളാക്കിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധം വകവയ്ക്കാതെ റഫറി ഗോൾ അനുവദിച്ചു. ഇതേത്തുടർന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് കളിക്കാരെ തിരിച്ചുവിളിച്ചു. തുടർന്ന് ബംഗളൂരുവിനെ വിജയിയായി പ്രഖ്യാപിച്ചു. ക്ലബ്ബിന് വൻതുക പിഴയടയ്ക്കാനും കോച്ചിനെ വിലക്കാനും തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരത്തിൽ കോച്ചിന്റെ സാന്നിധ്യമുണ്ടാകില്ല. ഇക്കുറി 12 ടീമുകളാണുള്ളത്. ഐ ലീഗ് ചാമ്പ്യൻമാരായ പഞ്ചാബ് എഫ്സിയാണ് പുതുമുഖം. 12 റൗണ്ട് മത്സരങ്ങളുടെ സമയക്രമമാണ് പ്രഖ്യാപിച്ചത്. ഡിസംബർ 29 വരെയുള്ള ഫിക്സ്ചർ തയ്യാറായി. എഎഫ്സി ഏഷ്യാകപ്പ് മത്സരങ്ങൾക്ക് ഇടവേളയുണ്ട്.
ഏഷ്യൻ ഗെയിംസ് അടുത്ത സാഹചര്യത്തിൽ ഐഎസ്എൽ 10 ദിവസം നീട്ടണമെന്ന് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് പൂർണമായും തള്ളിയാണ് മത്സരക്രമം പുറത്തിറക്കിയത്. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലേക്ക് കളിക്കാരെ വിട്ടുകൊടുക്കാൻ ക്ലബ്ബുകൾ തയ്യാറല്ല.
ദേശീയ താൽപ്പര്യം കണക്കിലെടുത്ത് ക്ലബ്ബുകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നായിന്നു ചൗബെയുടെ അഭ്യർഥന. ഐഎസ്എൽ ഒക്ടോബറിലേക്ക് നീട്ടിയാൽ എല്ലാം സുഗമമായി നടക്കും. ഒരു ക്ലബ്ബും രാജ്യത്തേക്കാൾ വലുതല്ലെന്നും ചൗബെ വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിനുള്ള 22 അംഗ ടീമിൽ ആറുപേർ ബംഗളൂരു എഫ്സിയിൽനിന്നുള്ളവരാണ്. മൂന്നുപേർ മുംബൈ സിറ്റിയുടെ കളിക്കാരാണ്. കേരള ബ്ലാസ്റ്റേഴ്സ്, എഫ്സി ഗോവ, മോഹൻബഗാൻ, ഈസ്റ്റ്ബംഗാൾ, ഒഡിഷ എഫ്സി എന്നിവയുടെ രണ്ടുവീതം കളിക്കാരും ഉൾപ്പെടുന്നു. ക്ലബ്ബുകൾ കടുംപിടുത്തം തുടർന്നതോടെ രണ്ടുവീതം കളിക്കാരെയെങ്കിലും വിട്ടുതരാൻ ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു.
ഏഷ്യൻ ഗെയിംസിൽ മൂന്ന് സീനിയർ താരങ്ങൾക്കാണ് കളിക്കാനാകുക. ബാക്കി അണ്ടർ 23 താരങ്ങളാണ്. ക്യാപ്റ്റൻ സുനിൽ ഛേത്രി, സന്ദേശ് ജിങ്കൻ, ഗോളി ഗുർപ്രീത്സിങ് സന്ധു എന്നിവരെയാണ് തെരഞ്ഞെടുത്തത്. ഗുർപ്രീതിനെ നൽകാനാകില്ലെന്ന് ബംഗളൂരു വ്യക്തമാക്കിയിരുന്നു. രണ്ട് റിസർവ് ഗോൾകീപ്പർമാരും പരിക്കിലാണെന്നാണ് വിശദീകരണം.
12 ടീമുകൾ
കേരള ബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി, ഈസ്റ്റ്ബംഗാൾ, എഫ്സി ഗോവ, ഹൈദരാബാദ് എഫ്സി, ജംഷഡ്പുർ എഫ്സി, മോഹൻബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്സി, പഞ്ചാബ് എഫ്സി.