ദുബായ്> മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ ആറാം ഘട്ടം നടപ്പാക്കാനുള്ള കരാറിൽ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും മസ്ദറും ഒപ്പുവച്ചു.
5.51 ബില്യൺ ദിർഹത്തിന്റെ കരാർ ഒപ്പ് വച്ചത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ സാന്നിധ്യത്തിലായിരുന്നു. 2050ഓടെ ദുബായിൽ 100 ശതമാനം ശുദ്ധമായ ഊർജം കൈവരിക്കുകയാണ് ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് സോളാർ പാർക്കാണ് ഇത്. ആറാം ഘട്ടത്തിൽ അര ദശലക്ഷത്തിലധികം വീടുകളിലാണ് ഊർജം നൽകുക. കൂടാതെ കാർബൺ ഉദ്ഗമനം പ്രതിവർഷം 2.36 ദശലക്ഷം ടൺ കുറയ്ക്കും.
പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും 2030-ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. ആകെ നിക്ഷേപം 50 ബില്യൺ ദിർഹമാണ്.