കുവൈത്ത് സിറ്റി> കുവൈത്തിൽ സിവിൽ ഐഡി ഓഫീസുകളിലെ കിയോസ്ക് മെഷിനുകളിൽ ക്ലെയിം ചെയ്യപ്പെടാത്ത രണ്ടുലക്ഷത്തോളം സിവിൽ ഐഡി കാർഡുകൾ കെട്ടികിടക്കുന്നതായി റിപ്പോർട്ട്. 1,94,000 സിവിൽ ഐഡി കാർഡുകളാണ് ഇത്തരത്തിൽ കെട്ടികിടക്കുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഔദ്യോഗിക വക്താവ് ഖാലിദ് അൽ- ഷമ്മരി വ്യക്തമാക്കി. സുഗമമായ പ്രവർത്തനത്തിനും വിതരണത്തിനും കാർഡു ഉടമകൾ ഇവ എത്രയും പെട്ടെന്ന് മെഷിനുകളിൽ നിന്ന് ശേഖരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
‘നിലവിൽ മൈ ഐഡന്റിറ്റി ആപ്ലിക്കേഷൻ ഉപഭോക്താക്കളുടെ എണ്ണം 3 ദശലക്ഷം കവിഞ്ഞു. ഈ ആപ്ലിക്കേഷൻ ഫിസിക്കൽ സിവിൽ ഐഡി കാർഡുകൾക്ക് ബദലായി പ്രവർത്തിക്കുന്നു. അതേസമയം ഔദ്യോഗിക ഇടപാടുകൾക്കും ബാങ്ക് ഇടപാടുകൾക്കും മറ്റുമായി വിവിധ മേഖലകളിൽ ഇത് വ്യാപകമായി പരിഗണിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
നിലവിൽ സിവിൽ ഐഡി കാർഡുകൾ അപേക്ഷ സമർപ്പിച്ച തീയതി മുതൽ മൂന്നു പ്രവൃത്തി ദിവസങ്ങൾക്കകം നൽകി വരുന്നുണ്ട്. സിവിൽ ഐഡി കാർഡ് ഡെലിവറി സേവനം പുനരാരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിനായുള്ള ടെണ്ടർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയി’- ഖാലിദ് അൽ- ഷമ്മരി പറഞ്ഞു.