ന്യൂഡൽഹി
ത്രിപുരയിലെ ധൻപുർ, ബോക്സാ നഗർ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ബിജെപി സർക്കാരിന്റെ മേൽനോട്ടത്തിൽ തികഞ്ഞ പ്രഹസനമാക്കിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനാധിപത്യക്കശാപ്പാണ് നടത്തിയത്. സിപിഐ എം പോളിങ് ഏജന്റുമാരെ ബൂത്തുകളിൽ കടക്കാൻ അനുവദിച്ചില്ല. ബോക്സാ നഗറിൽ 16ഉം ധൻപുരിൽ 19ഉം പോളിങ് ഏജന്റുമാർക്ക് മാത്രമാണ് ബൂത്തുകളിൽ പ്രവേശിക്കാൻ സാധിച്ചത്. എന്നാൽ, ഇവരെ ഭീതി പരത്തിയും ബലംപ്രയോഗിച്ചും പുറത്താക്കി.
വോട്ടെടുപ്പ് റദ്ദാക്കി, ശക്തമായ സുരക്ഷാസന്നാഹത്തിൽ പൂർണമായും റീ പോളിങ് നടത്താൻ തെരഞ്ഞെടുപ്പുകമീഷൻ തയ്യാറാകണം. നിയമലംഘനത്തിന് കൂട്ടുനിന്ന എല്ലാ ഉദ്യോഗസ്ഥരെയും റീ പോളിങ് ചുമതലകളിൽനിന്ന് ഒഴിവാക്കണം. ഭീകരാന്തരീക്ഷം സൃഷ്ടിച്ചവര്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പിബി ആവശ്യപ്പെട്ടു.