ഗുരുവായൂർ
അഷ്ടമി രോഹിണി ആഘോഷത്തിനായി ഗുരുവായൂരിൽ ആയിരങ്ങൾ. വിശേഷാൽ കാഴ്ചശീവേലിക്ക് പഞ്ചാരി മേളവും പഞ്ചവാദ്യവും തായമ്പകയും അകമ്പടിയായി. രാവിലെയുള്ള കാഴ്ചശീവേലിക്കും രാത്രി വിളക്കിനും തിരുവല്ല രാധാകൃഷ്ണനും സംഘവും മേളമൊരുക്കി. പകൽ പഞ്ചവാദ്യത്തിന് തിമിലയിൽ കരിയന്നൂർ നാരായണൻ നമ്പൂതിരിയും സംഘവും മദ്ദളത്തിൽ കലാമണ്ഡലം നടരാജ വാരിയരും സംഘവു, ഇടയ്ക്കയിൽ കടവല്ലൂർ മോഹന മാരാരും സംഘവും കൊമ്പിൽ മച്ചാട് രാമചന്ദ്രനും സംഘവും ഇലത്താളത്തിൽ പാഞ്ഞാൾ വേലുക്കുട്ടിയും സംഘവും അണിനിരന്നു. മഞ്ചേരി ഹരിദാസും സംഘവും സന്ധ്യാതായമ്പകയും ഒരുക്കി.
അഷ്ടമിരോഹിണി നാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പിറന്നാൾ സദ്യ കഴിച്ചത് 35,000ലേറെ പേരാണ്. രാവിലെ ഒമ്പതോടെ തെക്കേനട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ പ്രത്യേക പ്രസാദ ഊട്ട് തുടങ്ങി. തെക്കേ നടപന്തലിനുപുറമെ അന്നലക്ഷ്മി ഹാളിലും ചേർന്നുള്ള പന്തലിലും പ്രസാദം വിളമ്പി. വൈകിട്ട് ആറുവരെ നീണ്ടു.
മേൽപ്പത്തൂർ ഓഡിറ്റേറിയത്തിൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാര സമർപ്പണവും കലാപരിപാടികളും അരങ്ങേറി. എം ജി ശ്രീകുമാർ നയിച്ച ഭക്തിഗാനമേള, ക്ഷേത്ര കലാനിലയം സംഘം അവതരിപ്പിച്ച കൃഷ്ണനാട്ടം എന്നിവ അരങ്ങേറി.