ന്യൂഡൽഹി
സംസ്ഥാനങ്ങളുടെ യൂണിയനായ ഇന്ത്യയുടെ പേരും ഭൂപ്രദേശവും എന്തായിരിക്കണമെന്ന് ഭരണഘടനയുടെ അനുച്ഛേദം 1 (1) വിശദമാക്കിയിട്ടുണ്ട്. ഇന്ത്യ, അതായത് ഭാരത് സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കുന്നതാണ് എന്നാണ് അനുച്ഛേദം 1(1)ൽ പറയുന്നത്. ഭരണഘടനാനിർമാണ സഭയിൽ വിശദമായ ചർച്ചയ്ക്കുശേഷമാണ് ഇന്ത്യ, അതായത് ഭാരത് എന്ന് രാജ്യത്തിന് പേര് നൽകിയത്.
1949 സെപ്തംബർ 18ന് ഭരണഘടനയുടെ കരട് തയ്യാറാക്കൽ സമിതിയുടെ തലവനായ ബി ആർ അംബേദ്കറാണ് അനുച്ഛേദം ഒന്നിന് ഭേദഗതി മുന്നോട്ടുവച്ചത്. ഇതിനോട് യോജിച്ചും വിയോജിച്ചും ചർച്ചകൾ ഉയർന്നു. അംബേദ്കറുടെ ഭേദഗതിക്ക് ചില ബദലുകൾ ഭരണഘടനാനിർമാണ സഭാംഗമായ എച്ച് വി കാമത്ത് മുന്നോട്ടുവച്ചു. ഭാരത്, അഥവാ ഇംഗ്ലീഷ് ഭാഷയിൽ ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കുന്നതാണ്. പല രാജ്യങ്ങളിലും ഇന്ത്യ ഇപ്പോഴും ഹിന്ദുസ്ഥാൻ എന്നാണ് അറിയപ്പെടുന്നതെന്നും ഇവിടെ കഴിയുന്നവരെല്ലാം ഹിന്ദുക്കളായാണ് അറിയപ്പെടുന്നതെന്നും കാമത്ത് വാദിച്ചു.
ഭാരത് എന്ന പേരിനായി സേത്ത് ഗോവിന്ദ് ദാസ്, കമലാപതി ത്രിപാഠി, കല്ലൂർ സുബ്ബറാവു, രാം സഹായ്, ഹർ ഗോവിന്ദ് പന്ത് തുടങ്ങിയവരും വാദിച്ചു. ഗ്രീക്കുകാരുടെ വരവോടെയാണ് ഇന്ത്യ എന്ന പേരുവന്നതെന്നും വേദങ്ങളിലും മഹാഭാരതത്തിലും പരാമർശിക്കപ്പെടുന്ന ഭാരത് എന്ന പേരിന് കൂടുതൽ ചരിത്രപരവും സാംസ്കാരികവുമായ ബന്ധമുണ്ടെന്നും ഗോവിന്ദ് ദാസ് പറഞ്ഞു.
ഭാരത്, അതായത് ഇന്ത്യ എന്ന് പേരിടുന്നതാകും കൂടുതൽ ഉചിതമെന്ന് കമലാപതി ത്രിപാഠി വാദിച്ചു. പേര് ഭാരത് എന്നായിരിക്കണമെന്ന് വാദിച്ചവർക്ക് ഭരണഘടനാനിർമാണ സഭയിൽ ഭൂരിപക്ഷം ലഭിച്ചില്ല. വോട്ടെടുപ്പിൽ 38 പേർ മാത്രമാണ് ഭാരതിനായി നിലകൊണ്ടത്. അംബേദ്കറുടെ ഭേദഗതി നിർദേശം അംഗീകരിക്കപ്പെടുകയും ഭരണഘടനയുടെ ഭാഗമാവുകയും ചെയ്തു.
അന്ന് മോദി സര്ക്കാര് പറഞ്ഞു ഇന്ത്യ മതിയെന്ന്
പ്രതിപക്ഷക്കൂട്ടായ്മയെ ഭയന്ന് രാജ്യത്തിന്റെ പേരുതന്നെ മാറ്റാനുള്ള മോദി സർക്കാരിന്റെ നീക്കം നേരത്തേ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടിനു വിരുദ്ധം. രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് തിരുത്തി ഭാരത് എന്നാക്കണമെന്ന പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം സുപ്രീംകോടതി തേടിയിരുന്നു. ഇന്ത്യയെന്ന പേരിൽ ഒരുമാറ്റവും വേണ്ടെന്നാണ് 2015 നവംബറിൽ മോദി സർക്കാർ കോടതിയെ അറിയിച്ചത്. കേന്ദ്ര നിലപാടുകൂടി കേട്ടശേഷം 2016ൽ ഹർജി സുപ്രീംകോടതി തള്ളുകയും ചെയ്തു.
രാജ്യത്തിന്റെ പേര് വിശദമാക്കുന്ന അനുച്ഛേദം ഒന്നിൽ ഒരുമാറ്റവും വരുത്തേണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചത്. രാജ്യത്തിന്റെ പേര് എന്തായിരിക്കണമെന്ന് ഭരണഘടനാ നിർമാണസഭ വിശദമായി ചർച്ച ചെയ്തിരുന്നു. അനുച്ഛേദം ഒന്നിലെ വകുപ്പുകളെല്ലാം ഭരണഘടനാ നിർമാണസഭ ഏകകണ്ഠമായി പാസാക്കിയതാണ്. പേരു സംബന്ധിച്ച നിർദേശങ്ങൾ വിശദമായി ചർച്ച ചെയ്തിരുന്നു. രാജ്യത്തിന്റെ പേരിൽ പുനഃപരിശോധനയുടെ ഒരു സാഹചര്യവും നിലവിലില്ല–- മോദി സർക്കാർ കോടതിയെ അറിയിച്ചു. കേന്ദ്രത്തെക്കൂടി കേട്ടശേഷം സുപ്രീംകോടതി ഹർജിക്കാരനെ നിശിതമായി വിമർശിക്കുകയും ചെയ്തു.