ന്യൂഡൽഹി
പതിനെട്ട് മുതൽ 22 വരെ ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളന അജൻഡ സർക്കാർ പരസ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം. ജനാധിപത്യ മര്യാദയും കീഴ്വഴക്കവും പാലിക്കാതെയാണ് സർക്കാർ നീങ്ങുന്നതെന്ന് പ്രതിപക്ഷനേതാക്കള് ചൂണ്ടിക്കാട്ടി. ആദ്യമായാണ് അജൻഡ വെളിപ്പെടുത്താതെ സമ്മേളനം വിളിക്കുന്നത്. ചോദ്യോത്തരവും ശൂന്യവേളയും ഇല്ല, അഞ്ച് ദിവസവും സർക്കാർ അജൻഡ എന്ന് മാത്രമാണ് വിജ്ഞാപനം. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്കുപോലും ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുന്നില്ല. “അമൃത്കാൽ’ പ്രമാണിച്ചാണ് പ്രത്യേക സമ്മേളനമെന്നാണ് ജോഷി സമൂഹമാധ്യമത്തില് പ്രതികരിച്ചത്.
സമ്മേളന അജൻഡ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. പ്രതിപക്ഷസഖ്യമായ “ഇന്ത്യ’യുടെ പാർലമെന്ററി പാർടി നേതാക്കളുടെ യോഗം ഇന്നലെ ഇക്കാര്യം ചർച്ച ചെയ്തു. സമ്മേളനം എന്തിനാണ് ചേരുന്നതെന്ന് പ്രതിപക്ഷത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് സിപിഐ എമ്മിനെ പ്രതിനിധാനം ചെയ്ത വി ശിവദാസൻ യോഗത്തില്‍ ചൂണ്ടിക്കാട്ടി. മണിപ്പുർ വിഷയവും ചൈന ലഡാക്ക് “കെെയേറിയതും’ ചർച്ച ചെയ്യാനാണോ പാർലമെന്റ് സമ്മേളിക്കുന്നതെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) വക്താവ് സഞ്ജയ് റാവത്ത് പരിഹസിച്ചു.
പാർലമെന്റിന്റെ പഴയ മന്ദിരത്തിൽ 18ന് തുടങ്ങുന്ന സമ്മേളനം 19ന് ഗണേഷ് ചതുർഥി ദിനത്തിൽ പുതിയ മന്ദിരത്തിലേയ്ക്ക് മാറുമെന്ന് വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ പുതിയ മന്ദിരത്തിൽ സമ്മേളനം നടക്കും. എന്നാല് ഇതുസംബന്ധിച്ച അറിയിപ്പൊന്നും പാര്ലമെന്റ് അംഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അതേസമയം പാർലമെന്റിന്റെ നടപടികളെ സോണിയഗാന്ധി രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് പ്രധാനമന്ത്രിക്ക് വേണ്ടി നൽകിയ മറുപടിയിൽ പാർലമെന്ററി മന്ത്രി ആരോപിച്ചു.
മുമ്പ് ആറ് തവണയാണ് പ്രത്യേക സമ്മേളനം ചേർന്നത്. ജിഎസ്ടി നടപ്പാക്കാനായി 2017 ജൂൺ 30നു അർധരാത്രി ചേർന്ന സമ്മേളനം ഒഴികെയുള്ളവ ചരിത്ര സന്ദർഭങ്ങൾ പ്രമാണിച്ചായിരുന്നു. സ്വാതന്ത്ര്യപ്പിറവിയിൽ 1947 ആഗസ്ത് 14നും 15നും പ്രഥമ പ്രത്യേക സമ്മേളനം ചേർന്നു. 1962ൽ ഇന്ത്യ–-ചൈന യുദ്ധകാലത്ത് നവംബർ എട്ടിനും ഒൻപതിനും പ്രത്യേക സമ്മേളനം ചേർന്നു. സ്വാതന്ത്ര്യ രജതജൂബിലി പ്രമാണിച്ച് 1972 ആഗസ്ത് 15നും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ 50–-ാം വാർഷികത്തിൽ 1992 ആഗസ്ത് ഒൻപതിനും സ്വാതന്ത്ര്യ സുവർണ ജൂബിലിയിൽ 1997 ആഗസ്ത് 15നും പ്രത്യേക സമ്മേളനങ്ങൾ ചേർന്നു.