ന്യൂഡൽഹി
സുപ്രീംകോടതി–- ഹൈക്കോടതി ജഡ്ജിമാർ വിരമിച്ചശേഷം മറ്റേതെങ്കിലും നിയമനം സ്വീകരിക്കുന്നത് രണ്ടുവർഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീംകോടതി തള്ളി. ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവം ഉയർത്തിപിടിക്കുന്നതിന് ഇത്തരമൊരു നിയന്ത്രണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ബോംബെ ലോയേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗളും സുധാൻശു ദുലിയയും ഉൾപ്പെട്ട ബെഞ്ച് തള്ളിയത്.
ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ്, രാജ്യസഭയിലേക്കുള്ള നാമനിർദേശം തുടങ്ങിയവയൊന്നും കോടതിക്ക് ഇടപെടാവുന്ന വിഷയങ്ങൾ അല്ലെന്ന് മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. ഏതെങ്കിലും പദവി സ്വീകരിക്കണോ വേണ്ടയോ എന്നത് ബന്ധപ്പെട്ട ജഡ്ജി തീരുമാനം എടുക്കേണ്ട കാര്യമാണ്. അതല്ലെങ്കിൽ നിയമനിർമാണം കൊണ്ടുവരണം.–- മൂന്നംഗ ബെഞ്ച് ഹർജി തള്ളികൊണ്ട് വ്യക്തമാക്കി.