ന്യൂഡൽഹി
അദാനി ഗ്രൂപ്പ് കമ്പനികളിൽ വൻനിക്ഷേപം നടത്തിയ മൗറീഷ്യസിലെയും ബർമുഡയിലെയും എട്ട് ഫണ്ടുകളിൽ ആറെണ്ണം പൂട്ടി. മൗറീഷ്യസിലെ രണ്ട് ഫണ്ടുകൾ കഴിഞ്ഞ വർഷം പൂട്ടിയപ്പോൾ മറ്റൊരെണ്ണം പൂട്ടലിന്റെ വക്കിലാണ്. അദാനി ഗ്രൂപ്പ് കമ്പനികളിൽ വിദേശസ്ഥാപനങ്ങൾക്കുള്ള ഓഹരികളെക്കുറിച്ച് 2020ൽ സെബി അന്വേഷണം തുടങ്ങിയതോടെയാണ് ഫണ്ടുകൾ ഒന്നൊന്നായി പൂട്ടിയത്. ഇതോടെ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ നിക്ഷേപത്തിലൂടെ നേട്ടം കൊയ്തത് ആരെന്ന് കണ്ടെത്താൻ സെബി പ്രയാസപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.
സെബി ചട്ടങ്ങൾക്ക് വിരുദ്ധമായി അദാനി കുടുംബവുമായി വളരെ അടുപ്പമുള്ള രണ്ട് വ്യക്തികൾ അദാനി കമ്പനികളിൽ രഹസ്യമായി വൻനിക്ഷേപം നടത്തിയിരുന്നെന്ന് ഒരു സംഘം അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ ആഗോള കൂട്ടായ്മയായ ‘ദി ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട്’ (ഒസിസിആർപി) കണ്ടെത്തിയിരുന്നു. നാസർ അലി ഷബാൻ അഹ്ലി, ചാങ് ചുങ് ലിങ് എന്നിവരാണ് വിവിധ ഫണ്ടുകൾ വഴി അദാനി ഗ്രൂപ്പ് കമ്പനികളിൽ വർഷങ്ങളോളം കോടികളുടെ നിക്ഷേപം നടത്തിയിരുന്നത്. ഇരുവരും അദാനി സ്ഥാപനങ്ങളിൽ ഡയറക്ടർമാരായും ഓഹരി ഉടമകളായും പ്രവർത്തിച്ചിരുന്നു. ഇവർ നിക്ഷേപം നടത്തിയ ഫണ്ടുകൾ വഴി തന്നെ ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനിയും നിക്ഷേപം നടത്തിയതായി ഒസിസിആർപി കണ്ടെത്തി. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകൾ കൃത്രിമമായി ഉയരുന്നതിന് വിദേശ ഫണ്ടുകളിലൂടെ ഒഴുകിയ നിക്ഷേപം വഴിയൊരുക്കി.
കമ്പനിയുടെ പ്രൊമോട്ടർമാർ തന്നെ ബാഹ്യഫണ്ടുകളിലൂടെ നിക്ഷേപം നടത്തിയത് സെബിയുടെ മിനിമം പബ്ലിക്ക് ഷെയർഹോൾഡിങ് മാനദണ്ഡങ്ങളുടെ ലംഘനമായി മാറും. ഇത് തെളിയിക്കപ്പെട്ടാൽ ഓഹരി വിപണികളിൽനിന്ന് അദാനി കമ്പനികൾ ഡീലിസ്റ്റ് ചെയ്യപ്പെട്ടും. സെബി ചട്ടങ്ങൾ പ്രകാരം ലിസ്റ്റഡ് കമ്പനികൾ എപ്പോഴും 25 ശതമാനം ഓഹരികൾ വിപണിയിൽ വ്യാപാരം ചെയ്യപ്പെടുന്ന ഓഹരികളായി നിലനിർത്തണം. പ്രൊമോട്ടർമാർ പരമാവധി 75 ശതമാനം ഓഹരി മാത്രമേ കൈവശം വയ്ക്കാൻ പാടുള്ളൂ.