ജിദ്ദ> മിത്തും യാഥാർഥ്യവും കൂട്ടിക്കലർത്തുന്ന പ്രവണത അക്കാദമിക രംഗത്തും പൊതു രംഗത്തും ആശാസ്യമല്ലെന്നും, ശാസ്ത്രജ്ഞരിൽപ്പോലും ശാസ്ത്രീയ മനോവൃത്തിയുടെ അഭാവം കണ്ടുവരുന്നത് പുതു തലമുറയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്നും സമീക്ഷാ പ്രതിമാസ വായനാവേദി അഭിപ്രായപ്പെട്ടു.
വർത്തമാനകാലഇന്ത്യയിൽ ഉയർന്നു വരുന്ന ഇത്തരം ശാസ്ത്ര വിരുദ്ധതകൾ തിരുത്തപ്പെടേണ്ടതാണെന്ന് യോഗം വിലയിരുത്തി.
തുഷാര ജെയിംസ്റന്റെ ” എനിയ്ക്കും നിങ്ങൾക്കുമിടയിൽ ” എന്ന കഥാസമാഹാരം സദസ്സിനു പരിചയപ്പെടുത്തിക്കൊണ്ട് റഫീഖ് പത്തനാപുരം യോഗം ഉദ്ഘാടനം ചെയ്തു. അയത്നലളിതമായ ശൈലിയും കഥകളുടെ സ്വാഭാവികമായ ഒഴുക്കും ഈ കഥാകാരിയുടെ രചനകളുടെ സവിശേഷതയാണെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വ. ഷംസിദ്ദീൻ ഓലശ്ശേരി “കുട നന്നാക്കുന്ന ചോയി” എന്ന മുകുന്ദന്റെ നോവലിന്റെ വായനാനുഭവം പങ്കുവച്ചു. എഴുത്തുകാരന്റെ പുതിയ ഇന്ത്യൻ അവസ്ഥയോടുള്ള സർഗ്ഗാത്മകപ്രതിഷേധമായി ഈ പുസ്തകത്തെ കണക്കാക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിൽ വർധിച്ചുവരുന്ന ആത്മഹ്യാപ്രവണതകളും വർത്തമാനകാല ദൃശ്യമാധ്യമ രംഗത്തെ യാന്ത്രിക സമീപനങ്ങളും പ്രതിഫലിപ്പിക്കുന്ന, സന്തോഷ് ഏച്ചിക്കാനത്തിന്റെ “കൊമാല ” ഹംസ മദാരി അവതരിപ്പിച്ചു.
കുറ്റവാളികളുടെ മനോവ്യാപാരങ്ങളിലേക്ക് വെളിച്ചം വീശുന്ന സ്റ്റാൻടൺ ഇ. സമിനോവിന്റെ ” ഇൻസൈഡ് ദി ക്രിമിനൽ മൈൻഡ് ” എന്ന പുസ്തകം അസൈൻ ഇല്ലിക്കൽ അവതരിപ്പിച്ചു.
സമീക്ഷ ചെയർമാൻ ഹംസ മദാരി അധ്യക്ഷനായി. സുനിത അസൈൻ ചർച്ചയിൽ പങ്കെടുത്തു. സീജു ഷംസ് സ്വാഗതവും അഷാജ് ഷംസ് നന്ദിയും പറഞ്ഞു.
ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ ഇടയിൽ കഴിഞ്ഞ ഏഴ് വർഷ കാലമായി എല്ലാ മാസാന്ത്യത്തിലുമുള്ള അവസാനത്തെ വെള്ളിയാഴ്ചയിൽ പി ഗോവിന്ദ പിള്ളയുടെ സ്മരണ മുൻനിർത്തിയാണ് സമീക്ഷ സാഹിത്യ വേദി പുസ്തക ചർച്ച സംഘടിപ്പിക്കുന്നത്.