മുംബൈ
അപ്രതീക്ഷിതമായ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമായി. ഒക്ടോബർ അഞ്ചിന് സ്വന്തം തട്ടകത്തിൽ നടക്കുന്ന ലോകകപ്പിന് പരിചയസമ്പത്തും യുവത്വവും ഉൾപ്പെട്ട സംഘത്തെയാണ് അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ സമിതി ഒരുക്കിയിരിക്കുന്നത്. കളിക്കാരുടെ ശാരീരികക്ഷമതയിലും സ്പിന്നർമാരുടെ തെരഞ്ഞെടുപ്പിലും അപ്പോഴും സംശയങ്ങൾ ഉയരുന്നുണ്ട്. ഏഷ്യാ കപ്പ് ടീമിലുണ്ടായിരുന്ന മലയാളിതാരം സഞ്ജു സാംസൺ, തിലക് വർമ, പ്രസിദ്ധ് കൃഷ്ണ എന്നിവർ പുറത്തായി.
അഞ്ച് ബാറ്റർമാർ, രണ്ട് വിക്കറ്റ് കീപ്പർമാർ, മൂന്ന് ഓൾ റൗണ്ടർമാർ, ഒരു സ്പിന്നർ, നാല് പേസർമാർ എന്നിങ്ങനെയാണ് ടീം. ഇതിൽ സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവിനൊപ്പം ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും അക്സർ പട്ടേലും ഉൾപ്പെടും. 2019ലെ ലോകകപ്പ് കളിച്ച എട്ടുപേർ ഇടംകണ്ടപ്പോൾ ആറ് താരങ്ങൾ കന്നി ലോകകപ്പിനെത്തുന്നു. 2015ലെ ലോകകപ്പ് കളിച്ച അക്സറാണ് മറ്റൊരു അംഗം.
നാലു മാസമായി കളത്തിൽ ഇറങ്ങാത്ത ലോകേഷ് രാഹുലും ഏകദിനത്തിൽ ഇതുവരെ താളം കണ്ടെത്താത്ത സൂര്യകുമാർ യാദവും ലോകകപ്പ് സംഘത്തിലുണ്ട്. രാഹുൽ മെയ് ഒന്നിനുശേഷം കളിച്ചിട്ടില്ല. ഏറെനാളായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ശാരീരികക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനത്തിലായിരുന്നു മുപ്പത്തൊന്നുകാരൻ. ഏഷ്യാ കപ്പ് ടീമിലുണ്ടെങ്കിലും ആദ്യ രണ്ട് കളിയിലും ഈ വിക്കറ്റ് കീപ്പർ ടീമിലുണ്ടായില്ല. സൂപ്പർ ഫോറിൽ കളിച്ചേക്കുമെന്നാണ് സൂചന.
ഇരുപത്താറ് കളിയിൽ 24.33 റൺ ശരാശരിയിൽ 511 റണ്ണടിച്ച സൂര്യകുമാർ സഞ്ജുവിനെയും തിലകിനെയും മറികടന്നാണ് ടീമിലെത്തിയത്. ട്വന്റി20യിലെ ഒന്നാംറാങ്കുകാരനായ സൂര്യകുമാറിന്റെ സ്ഫോടനാത്മക ബാറ്റിങ്ങിൽ സെലക്ടർമാർ ഒരിക്കൽക്കൂടി വിശ്വാസമർപ്പിച്ചു. ഏകദിനത്തിലെ സഞ്ജുവിന്റെ മികവിന് അതിനാൽ സ്ഥാനമുണ്ടായില്ല. തിലക് ഇതുവരെ ഏകദിനം കളിച്ചിട്ടുമില്ല.മുൻനിര ബാറ്റർമാരിൽ ഇടംകൈയനായി ഇഷാൻ കിഷൻ മാത്രമേയുള്ളൂ. വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഇഷാനെ തന്നെയായിരിക്കും ആദ്യം പരിഗണിക്കുക. നിലവിലെ ടീമിൽ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന മറ്റൊരു ബാറ്ററില്ല.
ഓഫ് സ്പിന്നറില്ലാത്ത ടീമാണിത്. ഇന്ത്യൻ സാഹചര്യങ്ങളിൽ മുതൽക്കൂട്ടായേക്കാവുന്ന ഓഫ് സ്പിന്നർ ആർ അശ്വിനെ ഒഴിവാക്കിയത് പ്രായവും ഫീൽഡിങ്ങിലെ പോരായ്മയും വിലയിരുത്തിയാകാനാണ് സാധ്യത. ഏറെനാളായി അശ്വിൻ ഏകദിന ടീമിന്റെ ഭാഗവുമല്ല. കൈക്കുഴ സ്പിന്നർ യുശ്വേന്ദ്ര ചഹാലിനെയും പരിഗണിച്ചില്ല. കുൽദീപ് യാദവിനുവേണ്ടി വഴിമാറി.
രാഹുൽ ഉൾപ്പെടെ പരിക്കുമാറിയെത്തിയ മൂന്ന് കളിക്കാരാണ് ടീമിൽ. ബാറ്റർ ശ്രേയസ് അയ്യരും പേസർ ജസ്പ്രീത് ബുമ്രയും. ഇതിൽ ബുമ്ര തിരിച്ചുവരവിൽ രണ്ട് ട്വന്റി 20 കളിച്ചു. കഴിഞ്ഞദിവസം നേപ്പാളിനെതിരെ കളിച്ചില്ല. ശ്രേയസിന്റെ തിരിച്ചുവരവ് മത്സരമായിരുന്നു ഇത്. വേണ്ടത്ര മത്സരപരിചയം കിട്ടാത്തത് തിരിച്ചടിയാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കാറപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലുള്ള ഋഷഭ് പന്ത് പുറത്താണ്.
ബാറ്റിങ്ങിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. നാലാം ലോകകപ്പ് കളിക്കുന്ന വിരാട് കോഹ്ലിയിലാണ് പ്രതീക്ഷ. മുപ്പത്തിനാലുകാരനായ കോഹ്ലി രണ്ടാംലോകകപ്പാണ് ലക്ഷ്യമിടുന്നത്. 2011ലെ ചാമ്പ്യൻ ടീമിൽ അംഗമായിരുന്നു കോഹ്ലി. മുപ്പത്താറുകാരനായ ക്യാപ്റ്റൻ രോഹിതിന് ഇനിയൊരു അവസരമുണ്ടാകില്ല. ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ എന്നിവരാണ് ടീമിലെ യുവതാരങ്ങൾ. ഓൾറൗണ്ടർമാരായ ഹാർദിക്കിന്റെയും ജഡേജയുടെയും പ്രകടനമായിരിക്കും നിർണായകമാകുക. പേസർമാരിൽ ബുമ്രയ്ക്കൊപ്പം മുഹമ്മദ് സിറാജിനും ശാർദുൽ ഠാക്കൂറിനുമായിരിക്കും സാധ്യത. മുഹമ്മദ് ഷമിയാണ് നാലാംപേസർ. ശാർദുലിന് ബാറ്റിങ് മികവ് അനുകൂലമാണ്.
10 ടീമുകൾ
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നെതർലൻഡ്സ്.
10 വേദികൾ
അഹമ്മദാബാദ്, ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പുണെ, ധർമശാല, ലഖ്നൗ.
ഇന്ത്യ ലോകകപ്പിൽ
1974 ഗ്രൂപ്പ്ഘട്ടം
1979 ഗ്രൂപ്പ്ഘട്ടം
1983 ജേതാക്കൾ
1987 സെമിഫൈനൽ
1992 ഗ്രൂപ്പ്ഘട്ടം
1996 സെമിഫൈനൽ
1999 സൂപ്പർ സിക്സ്
2003 റണ്ണറപ്പ്
2007 ഗ്രൂപ്പ്ഘട്ടം
2011 ജേതാക്കൾ
2015 സെമിഫൈനൽ
2019 സെമിഫൈനൽ
(ലോകകപ്പിൽ 84 കളി, 53 ജയം, 29 തോൽവി, 1 സമനില, 1 ഫലമില്ല, വിജയം 64.45%)
ഇന്ത്യയുടെ മത്സരങ്ങൾ
ഒക്ടോബർ 8 ഓസ്ട്രേലിയ (ചെന്നൈ)
ഒക്ടോബർ 11
അഫ്ഗാനിസ്ഥാൻ (ഡൽഹി)
ഒക്ടോബർ 14 പാകിസ്ഥാൻ (അഹമ്മദാബാദ്)
ഒക്ടോബർ 19 ബംഗ്ലാദേശ്
(പുണെ)
ഒക്ടോബർ 22 ന്യൂസിലൻഡ് (ധർമശാല)
ഒക്ടോബർ 29 ഇംഗ്ലണ്ട്
(ലഖ്നൗ)
നവംബർ 2 ശ്രീലങ്ക
(മുംബൈ)
നവംബർ 5 ദക്ഷിണാഫ്രിക്ക (കൊൽക്കത്ത)
നവംബർ 12 നെതർലൻഡ്സ് (ബംഗളൂരു)















