മുംബൈ
വിക്കറ്റ്കീപ്പർസ്ഥാനത്ത് ഇഷാൻ കിഷനുമായിട്ടായിരുന്നു സഞ്ജു സാംസന്റെ മത്സരം. എന്നാൽ, ഇഷാൻ കിട്ടിയ അവസരങ്ങളെല്ലാം കൃത്യമായി ഉപയോഗിച്ചപ്പോൾ സഞ്ജുവിന്റെ ഇന്നിങ്സുകൾ ഒതുങ്ങി. ടീമിൽ ഇടം ഉറപ്പിക്കാൻ ഭംഗിയുള്ള കളി മാത്രമല്ല, സ്ഥിരതകൂടി ഘടകമാണെന്ന് സെലക്ടർമാർ വിധിയെഴുതി. ലോകകപ്പ് ടീമിൽ ഒന്നാം വിക്കറ്റ് കീപ്പർ ഇപ്പോഴും ലോകേഷ് രാഹുലാണ്. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാനും. ഇതോടെ സഞ്ജുവിന്റെ സാധ്യത അവസാനിച്ചു.
മധ്യനിരയിൽ സൂര്യകുമാർ യാദവുമായിട്ടായിരുന്നു മറ്റൊരു മത്സരം. കണക്കുകളിൽ സൂര്യകുമാറിനേക്കാൾ മുന്നിലാണ് ഇരുപത്തെട്ടുകാരൻ. പക്ഷേ, സൂര്യകുമാറിന്റെ ട്വന്റി 20യിലെ പ്രഹരശേഷിയാണ് സെലക്ടർ പരിഗണിച്ചത്. 13 കളിയിൽ 390 റണ്ണാണ് ഏകദിനത്തിൽ സഞ്ജുവിന്റെ സമ്പാദ്യം. 55.71 ആണ് ബാറ്റിങ് ശരാശരി. ഉയർന്ന സ്കോർ 86. ഏകദിനത്തിൽ സഞ്ജുവിന്റെ പ്രഹരശേഷിയും സൂര്യകുമാറിനേക്കാൾ മികച്ചതാണ്.
വെസ്റ്റിൻഡീസ് പര്യടനമായിരുന്നു ഏറ്റവും നല്ല അവസരം. എന്നാൽ, പ്രകടനം മികച്ചതായില്ല. ഏകദിന പരമ്പരയിൽ ഒരു അരസെഞ്ചുറി. ട്വന്റി 20യിൽ മൂന്ന് കളിയിലെ പ്രകടനം 12, 7, 1 എന്നിങ്ങനെയായിരുന്നു. ഇത് ടീം തെരഞ്ഞെടുപ്പിൽ നിർണായകമായി. ഏകദിനത്തിൽ മികച്ച ശരാശരിയുണ്ടെങ്കിലും വലിയൊരു ഇന്നിങ്സ് കളിക്കാൻ കഴിയാത്തതും തിരിച്ചടിയായി. വിൻഡീസുമായുള്ള മൂന്നാം ഏകദിനത്തിൽ 41 പന്തിൽ 51 റണ്ണടിച്ച ഉടൻ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ആ മത്സരത്തിൽ ഇഷാൻ 77ഉം ഗിൽ 85ഉം റണ്ണാണെടുത്തത്.















