മുംബൈ
ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. മലയാളി വിക്കറ്റ്കീപ്പർ ബാറ്റർ സഞ്ജു സാംസൺ ടീമിലില്ല. കെ എൽ രാഹുലും ഇഷാൻ കിഷനുമാണ് വിക്കറ്റ്കീപ്പർമാർ. ഒക്ടോബർ അഞ്ചുമുതൽ നവംബർ 19 വരെ ഇന്ത്യയിലെ 10 നഗരങ്ങളിലാണ് ലോകകപ്പ്.
വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ ഠാക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ.
കോഹ്ലിയുടെ നാലാം ലോകകപ്പാണിത്. രോഹിതിനും ജഡേജയ്ക്കും ഷമിക്കും മൂന്നാമത്തെ ലോകകപ്പ്. കഴിഞ്ഞ ലോകകപ്പ് കളിച്ച എട്ട് കളിക്കാർ ടീമിലുണ്ട്. ആറ് കളിക്കാർക്ക് കന്നി ലോകകപ്പാണ്. തുടർച്ചയായി നാല് ലോകകപ്പ് കളിച്ച മഹേന്ദ്ര സിങ് ധോണി ഇക്കുറിയില്ലെന്നതാണ് മറ്റൊരു സവിശേഷത. ഇന്ത്യയുടെ ആദ്യമത്സരം ഒക്ടോബർ എട്ടിന് ഓസ്ട്രേലിയക്കെതിരെയാണ്. ലോകകപ്പിന്റെ 13–-ാംപതിപ്പാണിത്. ഇന്ത്യ 2011ലും 1983ലും ജേതാക്കളായിട്ടുണ്ട്. ഓസ്ട്രേലിയ അഞ്ചുവട്ടം ലോകകിരീടം നേടി. ഇംഗ്ലണ്ടാണ് നിലവിലെ ചാമ്പ്യൻമാർ, ന്യൂസിലൻഡ് റണ്ണറപ്പ്.