ജക്കാർത്ത
2026ൽ സംഘടനയുടെ അധ്യക്ഷപദവി പട്ടാളഭരണത്തിലുള്ള മ്യാന്മറിന് കൈമാറേണ്ടതില്ലെന്ന് തെക്കുകിഴക്കേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മായ ആസിയാൻ. പകരം ഫിലിപ്പീൻസിനായിരിക്കും അധ്യക്ഷസ്ഥാനം.
പദവി ഏറ്റെടുക്കാമെന്ന് സമ്മതിച്ചതായി ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർകോസ് ജൂനിയർ പറഞ്ഞു. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ആസിയാൻ ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന നേതൃതല ചർച്ചയിലാണ് തീരുമാനം. ഓങ് സാൻ സൂചി സർക്കാരിനെ അട്ടിമറിച്ച് 2021ൽ ഭരണം പിടിച്ചെടുത്ത നടപടിക്ക് അന്താരാഷ്ട്ര അംഗീകാരം നേടാനുള്ള മ്യാന്മർ സൈന്യത്തിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയാണ് ആസിയാൻ തീരുമാനം.
ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ജക്കാർത്തയിലെത്തും. ഏഴിന് ന്യൂഡൽഹിയിൽ ആരംഭിക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിക്ക് തിരിച്ചെത്തേണ്ടതുണ്ട്.