ന്യൂയോർക്ക്
നിലവിലെ വനിതാ ചാമ്പ്യൻ ഇഗ ഷ്വാടെകിനുപിന്നാലെ റണ്ണറപ്പ് ഒൺസ് ജാബുറും യുഎസ് ഓപ്പൺ ടെന്നീസിൽനിന്ന് പുറത്തായി. പ്രീ ക്വാർട്ടറിൽ ചൈനയുടെ സെങ് ക്വിൻവെൻ 6–-2, 6–-4ന് കീഴടക്കി. ഇരുപത്തിമൂന്നുകാരിയുടെ ആദ്യ ഗ്രാൻഡ് സ്ലാം ക്വാർട്ടറാണ്. ബെലാറസ്താരം അരീന സബലേങ്കയാണ് എതിരാളി. റുമാനിയയുടെ സൊറാന സിർസ്റ്റിയ ഇന്ന് ക്വാർട്ടറിൽ ചെക്ക്താരം കരോലിന മുചോവയെ നേരിടും. അമേരിക്കയുടെ മാഡിസൻ കീയും ചെക്ക് താരം മാർകെറ്റ വൻഡ്രൌസോവയും തമ്മിലാണ് മറ്റൊരു ക്വാർട്ടർ.
പുരുഷവിഭാഗത്തിൽ നിലവിലെ ചാമ്പ്യനും ഒന്നാംറാങ്കുകാരനുമായ സ്പാനിഷ് താരം കാർലോസ് അൽകാരസ് ജർമനിയുടെ അലക്സാണ്ടർ സെവ്രേവിനെ നേരിടും. റഷ്യക്കാർ തമ്മിലാണ് മറ്റൊരു ക്വാർട്ടർ. ഡാനിൽ മെദ്വദേവും ആന്ദ്രേ റുബ്ലേവും ഏറ്റുമുട്ടും. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ദെനും ക്വാർട്ടറിൽ ഇറങ്ങും. അമേരിക്കൻ സഖ്യമായ നതാനിയൽ ലാമൺസ്–-ജാക്സൻ വിത്രോ കൂട്ടുകെട്ടാണ് എതിരാളി.















