ലാഹോർ
ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ സൂപ്പർ ഫോർ മത്സരങ്ങൾ ഇന്ന് തുടങ്ങും. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലാണ് ആദ്യകളി. ഇന്ത്യ ഞായറാഴ്ച പാകിസ്ഥാനെ നേരിടും. അവസാന ഗ്രൂപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ അഫ്ഗാനിസ്ഥാൻ വീരോചിതമായി പൊരുതി.ആദ്യം ബാറ്റ് ചെയ്ത ലങ്ക എട്ട് ഓവറിൽ 291 റണ്ണെടുത്തു. വിക്കറ്റ്കീപ്പർ കുശാൽ മെൻഡിസ് 92 റണ്ണടിച്ചു. ഓപ്പണർ പതുംനിസങ്കയും(41) ചരിത് അസലങ്കയും(36) സ്കോർ ഉയർത്തി. അഫ്ഗാൻ പേസർ ഗുൽബദിൻ നെയ്ബ് നാല് വിക്കറ്റെടുത്തു.
മുഹമ്മദ് നബിയുടെ ബാറ്റിൽ കുതിച്ച അഫ്ഗാൻ ഒടുവിൽ വിവരം കിട്ടുമ്പോൾ 30 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 225 റണ്ണെടുത്തു. ആറ് ഫോറും അഞ്ച് സിക്സറുമടിച്ച നബി 32 പന്തിൽ 65 റൺ നേടി. ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷഹീദിക്ക് അർധസെഞ്ചുറിയുണ്ട്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 80 റണ്ണെടുത്തു. റഹ്മത്ഷാ 45 റൺ നേടി. ലങ്കൻ പേസർ കസുൻ രജിതയ്ക്ക് മൂന്ന് വിക്കറ്റുണ്ട്.ഇന്ത്യ–ബംഗ്ലാദേശ് മത്സരം 15ന് നടക്കും. നാല് ടീമുകൾ പരസ്പരം ഏറ്റുമുട്ടി കൂടുതൽ പോയിന്റ് ലഭിക്കുന്ന രണ്ട് ടീമുകൾ 17ന് ഫെെനൽ കളിക്കും.















