ന്യൂഡൽഹി
ഇന്ത്യ 2047ൽ വികസിത രാഷ്ട്രമാകുമെന്നും വർഗീയതയ്ക്കും അഴിമതിക്കും ജാതീയതയ്ക്കും രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി–-20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ വാർത്താ ഏജൻസിയായ പിടിഐയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രാജ്യത്തെ വർഗീയ സംഘർഷങ്ങളിലൊന്നും നിലപാട് പറയാൻ തയ്യാറാകാത്ത മോദിയുടെ അവകാശവാദങ്ങൾ. 2047ഓടെ ആരോഗ്യം, വിദ്യാഭ്യാസമടക്കമുള്ള മേഖലകളിൽ ഏറ്റവും മികച്ച സംവിധാനങ്ങൾ ഇന്ത്യയിലുണ്ടാകും. മൂന്നാമത്തെ വലിയ സ്റ്റാർട്ടപ് ഹബ്ബായി രാജ്യം മാറി. ബഹിരാകാശ മേഖലയുടെ നേട്ടങ്ങൾ ലോകം ആഘോഷിക്കുന്നു– -മോദി പറഞ്ഞു.
ജി–-20 വർക്കിങ് ഗ്രൂപ്പ് യോഗങ്ങൾ അരുണാചൽപ്രദേശ്, കശ്മീർ എന്നിവിടങ്ങളിൽ നടത്തിയത് അയൽരാജ്യങ്ങളുടെ എതിർപ്പ് തള്ളിയാണ്. ചൈന, പാകിസ്ഥാൻ രാജ്യങ്ങളുടെ പേര് പരാമർശിക്കാതെ മോദി പറഞ്ഞു.