ന്യൂഡൽഹി
ജി 20 ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിലെത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ച നടത്തും. ബൈഡനായി അത്താഴവിരുന്നും മാക്രോണിനായി ഉച്ചഭക്ഷണവും പ്രത്യേകമായി ഒരുക്കും. കൂടിക്കാഴ്ചയുടെ സമയം വ്യക്തമായിട്ടില്ല. ഉച്ചകോടി അവസാനിക്കുന്ന ഞായറാഴ്ച മാക്രോൺ ബംഗ്ലാദേശ് സന്ദർശനത്തിനായി പോകും.
യുഎസ്, ഫ്രാൻസ് രാജ്യങ്ങൾ ഇന്ത്യയുടെ തന്ത്രപരമായ പങ്കാളികൾ കൂടിയാണ്. പ്രതിരോധ കരാറുകൾ അടക്കം ഉഭയകക്ഷി ചർച്ചയുടെ ഭാഗമായേക്കും. മാസങ്ങളായി ഉഭയകക്ഷി ചർച്ച നടക്കാത്തതിനെ തുടർന്നാണ് ഷേഖ് ഹസീനയുമായും ചർച്ച നടത്താനുള്ള തീരുമാനം. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയടക്കമുള്ളവരുമായും മോദി കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ എന്നിവർ ഉച്ചകോടിക്ക് എത്തില്ല.