മുംബൈ
മോദി സർക്കാരിനെ പുറത്താക്കാനുള്ള ‘കൗണ്ട് ഡൗൺ’ മുംബൈയിൽനിന്ന് തുടങ്ങിയതായി ‘ഇന്ത്യ’ മുന്നണി നേതാക്കൾ. യോഗം കഴിഞ്ഞുള്ള വാർത്താ സമ്മേളനത്തിൽ തമിഴിൽ എം കെ സ്റ്റാലിൻ ഇക്കാര്യം പറഞ്ഞപ്പോൾ ഹിന്ദിമേഖലയിലെ മുതിർന്ന നേതാക്കളടക്കം കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. വൈവിധ്യങ്ങളുടെ ഇന്ത്യയെപ്പോലെ മുന്നണിയും വൈവിധ്യങ്ങളിലൂടെ ഐക്യവും സഖ്യവും പ്രഖ്യാപിച്ചു.
ഇന്ത്യയെന്ന ആശയത്തെ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിനെതിരായ പോരാട്ടത്തിന് ഒന്നിച്ചു നിൽക്കാൻ പട്നയിലെ ആദ്യയോഗം ആഹ്വാനം ചെയ്തിരുന്നു. രണ്ടാംയോഗം നടന്ന ബംഗളൂരുവിൽ കൂടുതൽ പാർടികളുടെ നേതാക്കളെത്തി. കൂട്ടായ്മയ്ക്ക് സംഘടനാരൂപമായി. ‘ഇന്ത്യ’ എന്നപേര് വൻതോതിൽ ദേശീയശ്രദ്ധ ആകർഷിച്ചു. ‘ക്വിറ്റ് ഇന്ത്യ’ എന്നപേരിൽ രാഷ്ട്രീയ വിവാദമുണ്ടാക്കാൻ ബിജെപി നേതാക്കൾ ശ്രമിച്ചതും ‘ഇന്ത്യ’ ഭയം കൊണ്ടുതന്നെ.
മുംബൈയിലെ മൂന്നാംസമ്മേളനത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടും മുന്നണി ആരംഭിച്ചു. സഖ്യ, സീറ്റ് ചർച്ചകളും വൻറാലികളും പ്രഖ്യാപിച്ചു. യോഗം കഴിഞ്ഞുള്ള വാർത്താസമ്മേളനത്തിലും നേതാക്കളുടെ ആത്മവിശ്വാസം പ്രകടമായി. കൂടുതൽ പാർടികൾ മുന്നണിയിലെത്തുമെന്ന് സീതാറാം യെച്ചൂരിയും 60 ശതമാനം ജനങ്ങളുടെ പിന്തുണ മുന്നണിക്കുണ്ടെന്ന് രാഹുൽ ഗാന്ധിയും പ്രഖ്യാപിച്ചു. എഴുപതോളം ദേശീയ നേതാക്കൾ വാർത്താസമ്മേളനത്തിൽ മുഴുനീളം പങ്കെടുത്തു.
ലോഗോ പിന്നീട്
ജനങ്ങളിൽനിന്ന് കൂടുതൽ അഭിപ്രായങ്ങൾ സ്വീകരിച്ച് ലോഗോ പിന്നീട് തീരുമാനിക്കും. മുംബൈ യോഗത്തിൽ പ്രകാശിപ്പിക്കാനിരുന്ന ലോഗോയിൽ സഖ്യകക്ഷികളിൽ ചിലർ വിയോജിച്ചിരുന്നു. കൂടുതൽ അർഥസമ്പുഷ്ടമായ ലോഗോ ജനങ്ങളിൽനിന്നുതന്നെ ക്ഷണിക്കാമെന്ന് അഭിപ്രായമുയർന്നു.
ജനങ്ങൾ ‘ഇന്ത്യ’ക്കൊപ്പം:
രാഹുൽ
60 ശതമാനം ജനങ്ങളുടെ പിന്തുണ ഇന്ത്യ മുന്നണിക്കുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സഖ്യംതുടർന്നാൽ ബിജെപിക്ക് ഒരിക്കൽക്കൂടി അധികാരത്തിൽ വരാനാകില്ല.അദാനിയുമായി ചേർന്നുള്ള മോദിയുടെ അഴിമതി രാജ്യത്തിന്റെ വിശ്വാസ്യത തകർത്തു.
കപില് സിബല്
വന്നതില് അസ്വസ്ഥത
ഇന്ത്യ മുന്നണി യോഗത്തിലേക്ക് അപ്രതീക്ഷിതമായി മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ എത്തിയത് കോൺഗ്രസ് നേതാക്കളെ അസ്വസ്ഥരാക്കി. കെ സി വേണുഗോപാൽ മുന്നണി നേതാക്കളോട് ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ രാഹുൽ ഗാന്ധി എതിർപ്പ് അറിയിച്ചില്ല. കപിൽ സിബൽ ഇപ്പോൾ എസ് പി പിന്തുണയുള്ള രാജ്യസഭ എംപിയാണ്.
ഏകോപന സമിതിയടക്കം 5 കമ്മിറ്റി
ഇന്ത്യാ മുന്നണിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ അഞ്ചു സമിതിയെ പ്രഖ്യാപിച്ചു. ഏകോപനം, പ്രചാരണം, സമൂഹമാധ്യമം, മാധ്യമം, ഗവേഷണം എന്നീ കമ്മിറ്റികളാണ് രൂപീകരിച്ചത്.
പ്രചാരണം
ഗുർദീപ് സിങ് സപ്പൽ, സഞ്ജയ് ജാ, അനിൽ ദേശായ്, സഞ്ജയ് യാദവ്, പി സി ചാക്കോ, സമ്പൽ സോറൻ, കിരൺ മയി നന്ദ, സഞ്ജയ് സിങ്, ബിനോയ് വിശ്വം, ഹസ്നെയിൻ മസൂദി, ഷാഹിദ് സിദ്ദിഖി, എൻ കെ പ്രേമചന്ദ്രൻ, ജി ദേവരാജൻ, രവി റായ്, തിരുമണവാളൻ, കെ എം ഖാദർ മൊയ്തീൻ, ജോസ് കെ മാണി, അരുൺകുമാർ (സിപിഐ എം).
സമൂഹമാധ്യമം
സുപ്രിയ ശ്രീനദെ, സുമിത് ശർമ, ആഷിഷ് യാദവ്, രാജീവ് നിഗം, രാഘവ് ചന്ദ, അവിന്ദാനി, ഇൽതി ജ മെഹബൂബ, ബാലചന്ദ്ര കാംഗോ, ഇഫ്റാ ജാ, വി അരുൺകുമാർ, പ്രഞ്ചൽ (സിപിഐ എം).
മാധ്യമം
ജയ്റാം രമേഷ്, അരവിന്ദ് സാവന്ത്, ജിതേന്ദ്ര അവാദ്, രാഘവ് ചന്ദ, രാജീവ് രഞ്ചൻ, ആഷിഷ് യാദവ്, സുപ്രിയോ ഭട്ടാചാര്യ, അലോക് കുമാർ, മനീഷ് കുമാർ, രാജീവ് നിഗം, ബാലചന്ദ്ര കാംഗോ, തൻവീർ സാദിഖ്, പ്രശാന്ത് കന്നോജ, നരേൻ ചാറ്റർജി, സുചേത ദേ, മൊഹിത് ഭാൻ, പ്രഞ്ചൽ (സിപിഐ എം).
ഗവേഷക വിഭാഗം
അമിതാഭ് ദുബെ, സുബോദ് മേത്ത, പ്രീയങ്ക ചതുർവേദി, വന്ദന ചവാൻ, കെ സി ത്യാഗി, സുദിവ്യ കുമാർ സോനു, ജാസ്മിൻ ഷാ, അലോക് രഞ്ചൻ, ഇമ്രാൻ നബി ദർ, ആദിത്യ.