തിരുവനന്തപുരം
നെല്ലുസംഭരിച്ച ഇനത്തിൽ നൽകാനുള്ള തുക കേന്ദ്രം കുടിശികയാക്കിയിട്ടും ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് വായ്പയെടുത്ത് വേഗത്തിൽ തുക ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. ഈ വായ്പയ്ക്ക് ഗ്യാരന്റിയും പലിശയും നൽകുന്നതും സംസ്ഥാന സർക്കാർ. നെല്ല് സംഭരിച്ചതിന്റെ വിലകൊടുത്തില്ലെന്നും അവർ കൊടിയ ദുരിതത്തിലാണെന്നുമുള്ള നടൻ ജയസൂര്യയുടെ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കമുള്ള രൂക്ഷമായ പ്രതികരണം ഈ വസ്തുതകളുടെ പിൻബലത്തിലാണ്.
സംസ്ഥാനസർക്കാർ കർഷകർക്ക് തുകയെത്തിക്കാനുള്ള എല്ലാ നടപടികളും ഓണത്തിനുമുമ്പേ പൂർത്തിയാക്കിയിരുന്നു. കർഷകർക്ക് കൊടുക്കാനുള്ള 2070.71 കോടിയിൽ 1820.71 കോടിയും വിതരണം ചെയ്തു. 50, 000 രൂപയിൽ താഴെ തുകയുള്ള ആർക്കും കുടിശ്ശികയില്ല. മറ്റുള്ളവർക്ക് ബാക്കി തുക നൽകാൻ കേന്ദ്രം തരാനുള്ള 637.7 കോടി കിട്ടുന്നതുവരെ കാത്തുനിൽക്കാതെ ബാങ്ക് കൺസോർഷ്യം രൂപീകരിച്ച് പണംനൽകാനും സംവിധാനമായി. വായ്പയെന്നാണ് പേരെങ്കിലും പലിശ നൽകുന്നത് സർക്കാരാണ്. ചില ബാങ്കുകൾ ഇക്കാര്യത്തിൽ വീഴ്ച വരുത്തി. സാധാരണ കർഷകർക്ക് കുടിശ്ശികയില്ലെന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള പോരായ്മയും ഉണ്ടായിട്ടില്ലെന്നുമാണ് ഇക്കാര്യങ്ങൾ തെളിയിക്കുന്നത്. ലക്ഷക്കണക്കിന് കർഷകരിൽ നിന്നാണ് നെല്ല് സംഭരിക്കുന്നത്. അവർക്കാർക്കും തുക നൽകാതിരുന്നാൽ സംസ്ഥാനത്തെ പ്രക്ഷോഭാന്തരീക്ഷം എത്ര രൂക്ഷമാകുമെന്നും വിമർശകർ കാണുന്നില്ല.
സാങ്കേതിക കാരണങ്ങളാൽ തുക കിട്ടാനുള്ള ചുരുക്കം കർഷകരുടെ പ്രശ്നം ഊതിവീർപ്പിക്കാനാണ് ശ്രമം. വസ്തുതകൾ മറച്ച് പ്രശ്നങ്ങൾ ധരിപ്പിച്ച ബിജെപി പ്രവർത്തകനായ നടൻ കൃഷ്ണപ്രസാദിന് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു. ഈ രഷ്ട്രീയ താൽപ്പര്യത്തിന് കൂട്ടുനിൽക്കുകയല്ല ജയസൂര്യ ചെയ്തതെങ്കിൽ അബദ്ധം പറ്റിയതാണെന്ന് കരുതേണ്ടിവരും. അങ്ങനെയെങ്കിൽ വസ്തുതകൾ ബോധ്യപ്പെട്ടുകഴിഞ്ഞാൽ ജയസൂര്യ തന്നെ തിരുത്തുമെന്നുമാണ് വിമർശകർ കരുതുന്നത്. പ്രത്യേകിച്ചും, കർഷക സമരവും വർഗീയ കലാപങ്ങളും മണിപ്പുർ കത്തിയതുമുൾപ്പെടെ രാജ്യത്തെ മുൻമുനയിൽ നിർത്തിയ നിരവധി വിഷയങ്ങളിൽ പ്രതികരിക്കാത്തയാൾ എന്ന നിലയ്ക്ക്, ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് ജയസൂര്യയാണ്.
വിവാദത്തിനു പിന്നിൽ നിക്ഷിപ്ത
താൽപ്പര്യക്കാർ: മന്ത്രി പി പ്രസാദ്
നെല്ലിന്റെ തുക വിതരണംചെയ്യുന്നതിലെ വിവാദത്തിനുപിന്നിൽ നിക്ഷിപ്ത താൽപ്പര്യക്കാരാണെന്ന് കൃഷിമന്ത്രി പി പ്രസാദ്. നെല്ലിന് പണം കൊടുക്കാൻ ബാങ്കുമായി ധാരണയുണ്ടാക്കിയ ശേഷമാണ് ഇപ്പോഴത്തെ ആരോപണമുയർന്നത്. അതിന് മുമ്പായിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു. പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.