ഗൗതം അദാനി എന്ന ഗുജറാത്തുകാരൻ ലോകത്തെ മൂന്നാമത്തെ കോടീശ്വരനായത് കണ്ണുചിമ്മുന്ന വേഗത്തില്. 2021 അവസാനിക്കുമ്പോൾ 9.6 ലക്ഷം കോടി രൂപയായിരുന്നു അദാനി കമ്പനികളുടം വിപണി മൂല്യം. 2022 അവസാനം 19.66 ലക്ഷം കോടിയായി. ഏഷ്യയിലെ ഏറ്റവും ധനികനും ലോകധനികരിൽ മൂന്നാമനുമായി. 2014ൽ മോദി അധികാരത്തിൽ എത്തിയപ്പോൾ അദാനിയുടെ സ്വത്ത് 50,000 കോടി രൂപ മാത്രമായിരുന്നു. അഞ്ചു വർഷത്തിനിടയിൽ 2500 ശതമാനം വർധിച്ചു. 2022ൽ ഓരോ ദിവസവും 1600 കോടി രൂപയാണ് സ്വത്തിൽ കൂടിയത്. ഉറ്റചങ്ങാതിയെന്നാണ് മോദി അദാനിയെ പൊതുവേദിയില് വിശേഷിപ്പിച്ചത്.
അദാനിയുടെ
വിമാനത്തിൽ മോദി
ഗുജറാത്തിലെ മുന്ധ്ര തുറമുഖ വികസനത്തിലൂടെയാണ് വളർച്ചയുടെ തുടക്കം. മോദി മുഖ്യമന്ത്രിയായിരിക്കെ വലിയ സഹായങ്ങൾ ലഭിച്ചു. പ്രത്യേക സാമ്പത്തികമേഖലയിൽ ചുളുവിലയ്ക്ക് സ്ഥലം നൽകാൻ സർക്കാർ ഇടപെട്ടു. ഇതിലൂടെ 500 കോടി രൂപ ലാഭമുണ്ടാക്കി. ഗുജറാത്ത് വംശഹത്യയിൽ മോദിക്കെതിരെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി രംഗത്തു വന്നപ്പോൾ പ്രതിരോധം തീർക്കാനിറങ്ങിയത് അദാനിയാണ്. ബദൽ സംഘടനയും രൂപീകരിച്ചു. ഈ സംഘടനയാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നടത്താൻ ധനം സമാഹരിച്ചത്. 2013ൽ മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ അദാനിയുടെ ഓഹരികൾ 265 ശതമാനംകൂടി. പ്രധാനമന്ത്രിയായപ്പോൾ ഗുജറാത്തിൽനിന്ന് ഡൽഹിയിലേക്ക് മോദി പറന്നത് അദാനിയുടെ വിമാനത്തില്.
ഡയമണ്ട് ബ്രോക്കർ
കോളേജ് പഠനം പകുതിയിൽ ഉപേക്ഷിച്ച അദാനി ഡയമണ്ട് ബ്രോക്കറേജ് സ്ഥാപനം തുടങ്ങി. പിന്നീട് അഹമ്മദാബാദിൽ സഹോദരന്റെ പ്ലാസ്റ്റിക് ഫാക്ടറിയിൽ ചേർന്നു. തുടർന്ന് നേതൃത്വം ഏറ്റെടുത്ത് പിവിസി ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ആരംഭിച്ചു. 1988-ലാണ് അദാനി ഗ്രൂപ്പ് സ്ഥാപിക്കുന്നത്. മോദിയുടെ സഹായത്തോടെ കൽക്കരി, വൈദ്യുതി, തുറമുഖം, ഗതാഗതം, ഹരിത ഊർജം, സിമന്റ്, ഡാറ്റാ സെന്റർ, വിമാനത്താവളം എന്നിങ്ങനെ എല്ലാ മേഖലകളിലേക്കും അതിവേഗം വളർന്നു. ഇന്ത്യയുടെ തുറമുഖ ചരക്കുനീക്കത്തിന്റെ 24 ശതമാനവും കൈപ്പിടിയിലൊതുക്കി.
കഴിഞ്ഞ വർഷംമാത്രം 32 കമ്പനി ഏറ്റെടുത്തു. 2019ൽ മാത്രം വിമാനത്താവള നടത്തിപ്പിലേക്ക് കടന്ന അദാനിയുടേതാണ് മുംബൈ, തിരുവനന്തപുരം അടക്കം രാജ്യത്തെ ഏഴ് വിമാനത്താവളം. ക്രമേണ ഗുജറാത്ത് തീരവും മുന്ധ്ര തുറമുഖവും രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിന്റെ പ്രധാന വഴിയായി.
തുറന്നു കാട്ടപ്പെടുന്നു
ശ്രീലങ്കയിൽ പുതിയ തുറമുഖത്തിന്റെ 51 ശതമാനം ഓഹരിയും അദാനിക്കാണ്. ഇതിനായി ഗോതബായ രജപക്സെയോട് മോദി ശുപാർശ ചെയ്തതിന്റെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. 2022 ഏപ്രിലിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ വാണിജ്യ കരാറുണ്ടാക്കി കൽക്കരിക്ക് ഇറക്കുമതിച്ചുങ്കം ഒഴിവാക്കിയത്. ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിലെ കാർമൈക്കേൽ കൽക്കരി ഖനി അദാനിയുടേതാണ്. ഓസ്ട്രേലിയയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ 75 ശതമാനവും കൽക്കരിയാണ്. കൽക്കരി ഇറക്കുമതിയിലെ ക്രമക്കേടു സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ അന്വേഷണം പകുതിയിൽ അവസാനിച്ചു. ഇതിനിടെ എസിസി സിമന്റ്, അംബുജ സിമന്റ് എന്നീ കമ്പനികളും വാങ്ങി. പ്രതിരോധനിർമാണം, ഡ്രോൺ എന്നീ മേഖലകളിലും അദാനി കടന്നുകയറി. കോർപറേറ്റ് മാധ്യമങ്ങൾ വാഴ്ത്തുമ്പോഴും അദാനിയുടെ വളർച്ചയ്ക്കു പിന്നിലുള്ള സാമ്പത്തിക ഉറവിടം സംശയകരമായി തുടർന്നു. അതാണ് ഹിൻഡൻബർഗ്, ഒസിസിആർപി റിപ്പോർട്ടിലൂടെ തുറന്നുകാട്ടപ്പെട്ടത്.