ന്യൂഡൽഹി
അദാനി ഗ്രൂപ്പിന്റെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർമാനായിരിക്കെ അട്ടിമറിച്ച ഉപേന്ദ്രകുമാർ സിൻഹ ഇപ്പോൾ എൻഡിടിവി നോൺ–-എക്സിക്യൂട്ടീവ് ചെയർമാൻ. മുൻ ഐഎഎസ് ഉദ്യോഗസ്ഥനും 2011–-2017 കാലത്ത് സെബി ചെയർമാനുമായിരുന്ന സിൻഹയെ ഇക്കൊല്ലം മാർച്ചിലാണ് ചാനലിന്റെ തലപ്പത്തെത്തിച്ചത്.
എൻഡിടിവിയുടെ നിയന്ത്രണം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത് മാസങ്ങൾമാത്രം പിന്നിട്ടപ്പോഴായിരുന്നു ഇത്. ഒമ്പതു വർഷംമുമ്പ് നടന്ന സംഭവത്തെക്കുറിച്ച് ഓർക്കേണ്ടതില്ലെന്നും എൻഡിടിവിയിൽ ചേർന്നത് ഇക്കൊല്ലമാണെന്നും സിൻഹ പ്രതികരിച്ചു. ഓഹരിവിപണിയിൽ അദാനി കമ്പനികളുടെ ഇടപാടിനെക്കുറിച്ച് 2014 ജനുവരിയിൽ, അന്നത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിഐആർ) തലവൻ നജീബ് ഷാ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സെബി അന്വേഷണം തുടങ്ങിയത്. ഇന്ത്യയിൽനിന്ന് കടത്തിയ കള്ളപ്പണം അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് നിക്ഷേപമായി വരുന്നുവെന്ന് ഡിആർഐ കത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ, സെബി യഥാർഥത്തിൽ അന്വേഷണം ആരംഭിച്ചത് 2020ൽ മാത്രമാണ്. അപ്പോഴേക്കും സിൻഹ വിരമിച്ചിരുന്നു. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി മുമ്പാകെ സെബി ഇക്കാര്യം വ്യക്തമാക്കി.
അന്വേഷണം അട്ടിമറിച്ചത് സംയുക്ത പാർലമെന്ററി സമിതി പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനികളുടെ ഓഹരി ഇടപാടുകൾ നിയന്ത്രിക്കുന്നതിന് ധനമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് സെബി.