മസ്കറ്റ്> മസ്കറ്റ് ഇന്ത്യൻ സ്കൂൾ ബോർഡിന്റെ നേതൃത്വത്തിൽ സയൻസ്, ടെക്നോളജി ആന്റ് ഇന്നൊവേഷൻ മേള (STAI) സെപ്റ്റംബര് എട്ടിന് അരങ്ങേറും. മൊബൈല ഇന്ത്യൻ സ്കൂൾ വേദിയാകുന്ന മേളയിൽ ഏഴായിരത്തിലധികം വിദ്യാര്ത്ഥികൾ പങ്കെടുക്കുമെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം പറഞ്ഞു.
സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ മേളയിൽ പങ്കെടുക്കുവാനായി ഗ്ലോബൽ ചൈൽഡ് പ്രോഡിജിയും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസറുമായ സോബോർണോ ഐസക് ബാരി ന്യൂയോർക്കിൽ നിന്നും മസ്കറ്റിലെത്തുമെന്നും വാർത്താ സമ്മേളനത്തിൽ ഡോ: ശിവകുമാർ മാണിക്കം വ്യക്തമാക്കി. രണ്ടു ദിവസത്തെ മേളയുടെ ഉദ്ഘാടനം ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് നിർവഹിക്കും.
വാരാന്ത്യ ദിനങ്ങളായ സെപ്റ്റംബര് എട്ട്, ഒൻപത് തീയതികളിൽ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 വരെ വേദിയിൽ ഒരുക്കിയിരിക്കുന്ന പരിപാടികൾ സന്ദർശിക്കാൻ സാധിക്കും. മസ്കറ്റ് ഇന്ത്യൻ സ്കൂൾ ബോർഡിൻറെ കീഴിൽ പ്രവർത്തിച്ചു വരുന്ന 21 സ്കൂളുകളിലെ വിദ്യാര്ത്ഥികളുടെയും രക്ഷാകർത്തക്കളുടെയും സാന്നിധ്യം മേളയിൽ പ്രതീക്ഷിക്കുന്നുവെന്നും ചെയർമാൻ പറഞ്ഞു.