ന്യൂഡൽഹി
ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. 370–-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൽ വാദം കേൾക്കുന്ന ഭരണഘടനാ ബെഞ്ചിന് മുമ്പാകെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചേർന്നപ്പോൾത്തന്നെ കേന്ദ്രനിലപാട് മേത്ത അറിയിച്ചു. പഞ്ചായത്ത്, മുനിസിപ്പൽ, നിയമസഭ തെരഞ്ഞെടുപ്പുകൾ മൂന്നുഘട്ടമായി നടത്താം. കേന്ദ്ര–- സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുകൾക്ക് ഇക്കാര്യങ്ങൾ തീരുമാനിക്കാം. വോട്ടർ പട്ടികയിൽ പേരുചേർക്കൽ ഏറെക്കുറെ പൂർത്തിയായതായും മേത്ത പറഞ്ഞു.
അതേസമയം, ജമ്മു കശ്മീരിന് പൂർണ സംസ്ഥാനപദവി തിരികെ നൽകുന്നതിൽ സമയപരിധി നിശ്ചയിക്കാനാകില്ല. കേന്ദ്രഭരണ പ്രദേശമെന്നത് താൽക്കാലികമാണ്. സംസ്ഥാനപദവി തിരികെ നൽകാൻ കശ്മീരിൽ കൂടുതൽ സ്ഥിരതവേണം. വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്നുണ്ടെന്നും പ്രതിഷേധങ്ങൾ കുറഞ്ഞുവെന്നും മേത്ത അവകാശപ്പെട്ടു.
എന്നാൽ, 2019നു ശേഷമുള്ള സാഹചര്യത്തിനുള്ള ന്യായീകരണമല്ല ഇവയെന്നും ഭരണഘടനാപരമായ ചോദ്യങ്ങളിൽ ഇക്കാര്യങ്ങൾ മുഖവിലയ്ക്ക് എടുക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അയ്യായിരംപേരെ വീട്ടുതടങ്കലിലാക്കി നിരോധനാജ്ഞ പ്രഖ്യാപിച്ചാൽ ആശുപത്രിയിൽപ്പോലും പോകാനാകാത്തവർ എങ്ങനെ പ്രതിഷേധിക്കുമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചോദിച്ചു. ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി തുടരുമെന്ന് കഴിഞ്ഞദിവസം കേന്ദ്രം അറിയിച്ചിരുന്നു.















