ന്യൂഡൽഹി
മണിപ്പുരിൽ മെയ്ത്തീ കുക്കി വിഭാഗങ്ങൾ തമ്മിലുള്ള രൂക്ഷമായ വെടിവയ്പിൽ രണ്ടുപേർകൂടി കൊല്ലപ്പെട്ടു. ഇതോടെ ചൊവ്വാഴ്ച തുടങ്ങിയ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം നാലായി. നിരവധി പേർക്ക് പരിക്കുണ്ട്. പരസ്പരം വെടിയുതിർക്കുന്ന മെയ്ത്തീ–- കുക്കി വിഭാഗങ്ങളെ നിയന്ത്രിക്കാൻ പൊലീസിനോ കേന്ദ്രസേനകൾക്കോ കഴിയുന്നില്ല. കുക്കികൾ അധിവസിക്കുന്ന ചുരാചന്ദ്പ്പുർ ജില്ലയുടെയും മെയ്ത്തീകൾ കഴിയുന്ന ബിഷ്ണുപ്പുർ ജില്ലയുടെയും അതിർത്തിമേഖലകളിലാണ് ഏറ്റുമുട്ടൽ.
കൊല്ലപ്പെട്ട നാലുപേരും കുക്കി വിഭാഗക്കാരാണ്. ബുധനാഴ്ച വെടിവയ്പിൽ നാല് കുക്കികൾക്കും ഒരു മെയ്ത്തീ വിഭാഗക്കാരനും റിസർവ് ബറ്റാലിയൻ അംഗത്തിനും വെടിയേറ്റിരുന്നു. പരിക്കേറ്റ കുക്കികളിൽ രണ്ടുപേരാണ് വ്യാഴാഴ്ച മരിച്ചത്.
ഗാനരചയിതാവ് എൽ എസ് മാങ്ബോയിയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. ഇത് നമ്മുടെ ഭൂമിയല്ല എന്നർഥം വരുന്ന ‘ഐ ഗം ഹിലോ ഹം’ എന്ന ഗാനം സംഘർഷവേളയിൽ മാങ്ബോയ് രചിച്ചിരുന്നു. വില്ലേജ് വളന്റിയർ സേനാംഗം റിച്ചാർഡ് ഹെംഖോലിൻ ഗുയിതെയും വ്യാഴാഴ്ച മരിച്ചു.















