തിരുവനന്തപുരം
ചന്ദ്രനിലെ പ്രകമ്പനം രേഖപ്പെടുത്തി ചാന്ദ്രയാൻ 3 ലാൻഡർ. ലാൻഡറിലെ ലൂണാർ സീസ്മിക് ആക്ടിവിറ്റി എന്ന ഉപകരണമാണ് 26ന് ഉണ്ടായ സെക്കന്റുകൾ നീണ്ട പ്രകമ്പനം രേഖപ്പെടുത്തിയത്. ഉൽക്കാപതനമോ മറ്റോ ആകാം കാരണമെന്നാണ് നിഗമനം. റോവറിന്റെ ചലനവും ഉപകരണം രേഖപ്പെടുത്തി.
ചാന്ദ്രപകൽ അവസാനിക്കാൻ ദിവസങ്ങൾമാത്രം ബാക്കി നിൽക്കേ കൂടുതൽ പര്യവേക്ഷണ വിവരങ്ങളും നൽകിയിട്ടുണ്ട്. ദക്ഷിണ ധ്രുവത്തിലെ പ്രതലത്തോടടുത്തുള്ള പ്ലാസ്മയെ പറ്റി നിർണായകമായ വിവരം ശേഖരിച്ചത് ലാൻഡറിലെ രംഭ എന്ന പരീക്ഷണ ഉപകരണമാണ്. പൊതുവിൽ പ്ലാസ്മയുടെ അളവ് പരിമിതമാണെന്നാണ് കണ്ടെത്തൽ. റേഡിയോ തരംഗങ്ങളുടെ സുഗമമായ സഞ്ചാരത്തെ വലിയ തോതിലുള്ള പ്ലാസ്മാ സാന്നിധ്യം ബാധിക്കാറുണ്ട്. ദക്ഷിണധ്രുവത്തിലേക്കുള്ള ഭാവി ദൗത്യങ്ങൾക്കാവശ്യമായ ആശയ വിനിമയ സംവിധാനങ്ങൾക്ക് പുതിയ കണ്ടെത്തൽ ഗുണകരമാകും. തിരുവനന്തപുരം വിഎസ്എസ്സിയാണ് രംഭ രൂപകൽപ്പന ചെയ്തത്.
ദക്ഷിണധ്രുവത്തിൽ സൾഫറിന്റെ സാന്നിധ്യം കൂടുതൽ സ്ഥിരീകരിച്ച് റോവറിലെ പരീക്ഷണ ഉപകരണം വിശദമായ ഡാറ്റ അയച്ചു. ആൽഫ പാർട്ടിക്കിൾ എക്സറേ സ്പ്രെക്ട്രോസ്കോപ്പിന്റേതാണ് സ്ഥിരീകരണം. ഉൽക്കാപതനം, ആദ്യകാല അഗ്നിപർവത സ്ഫോടനം ഇവ മൂലമാണോ സൾഫർ സാന്നിധ്യം ഉണ്ടായതെന്ന് സംശയിക്കുന്നു. 18 സെന്റീമീറ്റർ ഉയരമുള്ള സ്പ്രെക്ട്രോസ്കോപ്പ് സ്വയം തിരിയുന്ന വീഡിയോയും ഐഎസ്ആർഒ പുറത്തുവിട്ടു. ഗർത്തങ്ങളിൽനിന്ന് സ്വയം തിരിഞ്ഞ് ഒഴിഞ്ഞു മാറുന്ന റോവറിന്റെ വീഡിയോ ദൃശ്യവും പുറത്തു വന്നു. ലാൻഡറിലെ കാമറ പകർത്തിയ ദൃശ്യമാണിത്.















