മുംബൈ
ഇന്ത്യയെന്ന ആശയത്തെതന്നെ ഇല്ലാതാക്കുന്ന കേന്ദ്ര എൻഡിഎ ഭരണത്തെ കടപുഴക്കാൻ തന്ത്രങ്ങളാവിഷ്കരിച്ച് ‘ഇന്ത്യ’ മുന്നണിയുടെ മൂന്നാംയോഗത്തിന് മുംബൈയിൽ ആവേശത്തുടക്കം. ആറ് മുഖ്യമന്ത്രിമാരടക്കം 28 പ്രതിപക്ഷ പാർടിയിലെ 63 നേതാക്കൾ വ്യാഴം രാത്രി ബാദ്ര കുർല കോംപ്ലക്സിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ഒത്തുകൂടി.
ഇന്ത്യാമുന്നണിയുടെ ലോഗോ വെള്ളി രാവിലെ പ്രകാശിപ്പിക്കും. സംഘടനാരൂപം എങ്ങനെയാകണമെന്ന ചർച്ചയും കൺവീനർ, ചെയർപേഴ്സൺ തീരുമാനവുമുണ്ടാകും. കോ–-ഓർഡിനേഷൻ കമ്മിറ്റി, സെക്രട്ടറിയറ്റ് സമിതി, ലോക്സഭാ തെരഞ്ഞെടുപ്പ് നയിക്കാനുള്ള കമ്മിറ്റി രൂപീകരണവും നടക്കും. തെരഞ്ഞെടുപ്പ് സാധ്യതകൾ പഠിക്കാൻ ഗവേഷക സംഘം, അഞ്ചുമുതൽ പത്തുവരെ എണ്ണമുള്ള ദേശീയ വക്താക്കൾ, മാധ്യമ–– നവമാധ്യമ സംഘം, ദേശീയ അജൻഡ രൂപപ്പെടുത്താനുള്ള കമ്മിറ്റി എന്നിവയും അജൻഡയിലുണ്ടാകും.
വ്യാഴം രാത്രി ഒമ്പതോടെ ഉദ്ധവ് താക്കറെയുടെ അത്താഴവിരുന്നിലും നേതാക്കൾ പങ്കെടുത്തു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുന ഖാർഗെ, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, മുഖ്യമന്ത്രിമാരായ നിതീഷ് കുമാർ, എം കെ സ്റ്റാലിൻ, മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, ഭഗവന്ത് മൻ, ഹേമന്ത് സോറൻ, ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിമാരായ ശരദ് പവാർ, ഉദ്ധവ് താക്കറെ, ഫാറൂഖ് അബ്ദുള്ള തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നു.
ഇടതു പാർടി നേതാക്കൾ പ്രത്യേകം യോഗം ചേർന്നു. യോഗത്തിൽ മുന്നോട്ടുവയ്ക്കേണ്ട നിര്ദേശങ്ങള് സംബന്ധിച്ച് ധാരണയുണ്ടാക്കി. അതേസമയം കൂടുതല് പ്രാദേശിക പാര്ടികള് പ്രതിപക്ഷമുന്നണിയില് ചേരാന് സന്നദ്ധത അറിയിച്ചതായി റിപ്പോര്ട്ടുണ്ട്.