തിരുവനന്തപുരം
നെല്ലിന്റെ താങ്ങുവിലയായി കേന്ദ്രം കേരളത്തിന് നൽകാനുള്ളത് 637.7 കോടി രൂപ. അതേസമയം സംഭരണവിലയായി കർഷകർക്ക് നൽകാനുള്ളത് 250 കോടി രൂപ മാത്രം. കേന്ദ്രം നൽകേണ്ട തുക കിട്ടുമെന്ന പ്രതീക്ഷയിൽ ആ തുകകൂടി ചേർത്താണ് സംസ്ഥാനം വിതരണംചെയ്യുന്നത്. കേന്ദ്രം കുടിശ്ശിക വരുത്തിയ തുക ലഭിക്കുന്നതിനായി നിരവധി കത്ത് അയച്ചെങ്കിലും നടപടിയുണ്ടായില്ല. ഈ തുക ലഭിച്ചിരുന്നെങ്കിൽ ബാങ്ക് കൺസോർഷ്യത്തിൽനിന്നുള്ള വായ്പ എടുക്കാതെ കർഷകർക്ക് പണംനൽകാൻ കഴിയുമായിരുന്നു.
2022-–-23 സീസണിൽ 7.31 ലക്ഷം ടൺ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. ഇതിന്റെ വിലയായി നൽകേണ്ടിയിരുന്നത് 2070.71 കോടി രൂപ. അതിൽ 1820.71 കോടി രൂപ നൽകി. ബാങ്ക് വായ്പ ലഭിക്കാൻ കാലതാമസം നേരിട്ടതോടെ സർക്കാർ അനുവദിച്ച 180 കോടി രൂപയിൽനിന്ന് 50,000 രൂപവരെ കിട്ടാനുള്ള ചെറുകിട കർഷകരുടെ മുഴുവൻ തുകയും നൽകി. കൂടുതൽ തുക ലഭിക്കാനുള്ള കർഷകർക്ക് ലഭിക്കാനുള്ള തുകയുടെ 28 ശതമാനവും കൊടുത്തു. ഓണത്തിനുമുമ്പേ ഇത് പൂർത്തിയാക്കി.
253 കോടി രൂപയാണ് പിആർഎസ് വായ്പയായി നൽകാൻ ബാങ്ക് കൺസോർഷ്യവുമായി ധാരണയുണ്ടാക്കിയത്. എസ്ബിഐ, കനറാ ബാങ്കുകളുമായി ധാരണപത്രവും ഒപ്പിട്ടു. ഓണത്തിനു മുമ്പുതന്നെ മുഴുൻ തുകയും കർഷകർക്ക് ലഭിക്കാൻ ഭക്ഷ്യ വകുപ്പ് നടപടി സ്വീകരിച്ചു. കനറാ ബാങ്ക് 4000 കർഷകർക്കായി 38.32 കോടി നൽകി. എസ്ബിഐ 42 ലക്ഷം രൂപയും. വെള്ളിയാഴ്ച മുതൽ മറ്റു കർഷകർക്കും തുക ലഭിക്കും.
കേന്ദ്ര സർക്കാർ നൽകുന്ന താങ്ങുവിലയ്ക്കൊപ്പം സംസ്ഥാന സർക്കാർ നൽകുന്ന 7.80 തുകകൂടി ചേർത്ത് 28.20 രൂപയ്ക്കാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. ഇത് രാജ്യത്തെ ഉയർന്ന വിലയാണ്.