റിയാദ്> കേളി ബത്ഹ ഏരിയയിലെ മുഴുവൻ അംഗങ്ങളെയും നോർക്കയിലും പ്രവാസി ക്ഷേമനിധിയിലും അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ രജിസ്ട്രേഷൻ ക്യാമ്പയിന്റെ ഭാഗമായി രജിസ്ട്രേഷൻ പൂർത്തിയായവരുടെ കാർഡ് വിതരണം ബത്ഹ ക്ലാസിക് ഹാളിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനവും കാർഡ് വിതരണവും കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് നിർവ്വഹിച്ചു. ശുമേസി യൂണിറ്റിലെ മുതിർന്ന അംഗം മോഹൻ കുമാർ കാർഡ് ഏറ്റുവാങ്ങി.
പ്രവാസികളുടെ അഭയകേന്ദ്രമാണ് നോർക്കയെന്ന് കെപിഎം സാദിഖ് പറഞ്ഞു. പ്രവാസികളുടെ പൊതുജനാധിപത്യ വേദിയായ ലോക കേരള സഭ സമ്മേളനങ്ങളിൽ ഉയർന്നുവന്ന കാതലായ നിരവധി നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന് നോർക്കക്ക് കഴിഞ്ഞിട്ടുണ്ട്. മുഴുവൻ പ്രവാസികളും നോർക്കയിലും പ്രവാസിക്ഷേമനിധിയിലും അംഗമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബത്ഹ ഏരിയയിലെ അംഗങ്ങൾക്കായാണ് രജിസ്ട്രേഷൻ ക്യാമ്പയിൻ തുടങ്ങിയതെങ്കിലും അംഗങ്ങളല്ലാത്ത നിരവധി ആളുകളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേളി ബത്ഹ ഏരിയ ജോയിന്റ് സെക്രട്ടറി അനിൽ അറക്കൽ, ശുമേസി യൂണിറ്റ് നിർവാഹക സമിതി അംഗം ജ്യോതിഷ്, ബത്ഹ സെന്റർ യൂണിറ്റ് നിർവാഹക സമിതി അംഗം ഷംസു കാരാട്ട് എന്നിവരാണ് രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തിയത്. മർഗ്ഗബ് രക്ഷാധികാരി സമിതി അംഗം സിജിൻ കൂവള്ളൂരിന്റെ സാങ്കേതിക സഹായത്തോടെയാണ് കാർഡുകൾ വിതരണത്തിന് തയ്യാറാക്കിയത്. ബത്ഹ ഏരിയയിലെ യൂണിറ്റ് സെക്രട്ടറിമാർ, ഏരിയാ കമ്മറ്റി അംഗങ്ങൾ, ബത്ഹ ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ എന്നിവർ പദ്ധതിക്ക് പരിപൂർണ്ണ പിന്തുണയേകി. ഷാര റെയിൽ യൂണിറ്റ് സെക്രട്ടറി സുധീഷ് ചടങ്ങിൽ ആമുഖപ്രസംഗം നടത്തി. ഏരിയ വൈസ്പ്ര സന്റ് മോഹൻദാസ് അദ്ധ്യക്ഷനായി. ഏരിയ ജോയിന്റ് സെക്രട്ടറി അനിൽ അറക്കൽ സ്വാഗതം പറഞ്ഞു. ബത്ഹ രക്ഷാധികാരി സമിതി സെക്രട്ടറി രജീഷ് പിണറായി, മർഗ്ഗബ് രക്ഷാധികാരി സമിതി സെക്രട്ടറി സെൻ ആന്റണി, ഏരിയാ സെക്രട്ടറി രാമകൃഷ്ണൻ, ഏരിയ ട്രഷറർ ബിജു തായമ്പത്ത് എന്നിവർ സംസാരിച്ചു. ബത്ഹ ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയാ കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റിലെ അംഗങ്ങൾ, കുടുംബവേദി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.