——–ദുബായ്> 2023 വേനൽക്കാലത്ത് മധ്യാഹ്ന ഇടവേളയിൽ നിശ്ചയിച്ചിട്ടുള്ള പ്രവൃത്തി സമയവും മാർഗനിർദ്ദേശങ്ങളും പാലിച്ച സ്ഥാപനങ്ങളെ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പ്രശംസിച്ചു. ജൂൺ 15 മുതൽ സെപ്തംബർ 15 വരെ ഉച്ചയ്ക്ക് 12:30 നും 3 മണിക്കും ഇടയിൽ വെളിയിൽ ജോലി ചെയ്യുന്നത് മന്ത്രാലയം വിലക്കിയിരുന്നു.
ഫെഡറൽ, പ്രാദേശിക തലങ്ങളിലുള്ള എല്ലാ പങ്കാളികളുടെയും സഹകരിച്ചുള്ള ശ്രമങ്ങൾ കൊണ്ട് മാത്രമാണ് മിഡ്‌ഡേ ബ്രേക്കിന്റെ നേട്ടം കൈവരിക്കാനായതെന്ന് പ്രസ്താവനയിൽ മന്ത്രാലയം പറഞ്ഞു.
ജൂൺ 15 നും ഓഗസ്റ്റ് 17 നും ഇടയിൽ വിവിധ സ്ഥാപനങ്ങളിലായി 67,000 പരിശോധനാ സന്ദർശനങ്ങളും 28,000 ലധികം മാർഗ്ഗനിർദ്ദേശ സന്ദർശനങ്ങളും നടത്തിയതായി മന്ത്രാലയം അറിയിച്ചു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതവും ആരോഗ്യകരവുമായ വ്യവസ്ഥകൾ ഉറപ്പാക്കുന്നതിനും മന്ത്രാലയം സ്വീകരിച്ച നിരവധി ഫലപ്രദമായ നടപടികളിലൊന്നാണ് മധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതെന്ന് മന്ത്രാലയത്തിലെ പരിശോധനാ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മൊഹ്‌സെൻ അൽ നാസി പറഞ്ഞു.
യുഎഇ തൊഴിൽ വിപണിയുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിന് സ്ഥാപനങ്ങൾ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യാഹ്ന ഇടവേള പോളിസിയുടെ 19-ാം വർഷമാണ് നിലവിൽ പ്രാബല്യത്തിൽ ഉള്ളത്. കടുത്ത വേനലിൽ തൊഴിലാളികൾക്ക് കുടകളും ഫാനുകളും തണുത്ത വെള്ളവും അനുയോജ്യമായ സൗകര്യങ്ങളും കൂളിംഗ് ഉപകരണങ്ങളും അവരുടെ ഇടവേള സമയത്ത് നൽകാൻ തൊഴിലുടമകൾക്ക് നിർദ്ദേശം നൽകുന്നതാണ് നിയമം.
കമ്മ്യൂണിറ്റി അംഗങ്ങളോടും തൊഴിലാളികളോടും അവരുടെ കോൾ സെന്റർ 600590000 എന്ന നമ്പറിലും മന്ത്രാലയത്തിന്റെ ആപ്പോ വെബ്‌സൈറ്റോ ഉപയോഗിച്ച് എന്തെങ്കിലും ലംഘനങ്ങൾ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ മാനവ വിഭവശേഷി മന്ത്രാലയം അഭ്യർത്ഥിച്ചു.