മുൾട്ടാൻ
ഏഷ്യയിലെ ക്രിക്കറ്റ് മേധാവിത്വത്തിനായുള്ള പോരിൽ പാകിസ്ഥാന് ജയത്തുടക്കം. ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ നേപ്പാളിനെ 238 റണ്ണിന് തരിപ്പണമാക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 342 റണ്ണെടുത്തു. നേപ്പാളിന്റെ മറുപടി 23.4 ഓവറിൽ 104 റണ്ണിൽ അവസാനിച്ചു. ഏകദിന ക്രിക്കറ്റിൽ റണ്ണിന്റെ അടിസ്ഥാനത്തിൽ പാകിസ്ഥാൻ നേടുന്ന മൂന്നാമത്തെ വലിയ വിജയമാണ്.
ക്യാപ്റ്റൻ ബാബർ അസമും ഇഫ്തിഖർ അഹമ്മദും നേടിയ സെഞ്ചുറികളാണ് പാകിസ്ഥാന് മികച്ച സ്കോർ ഒരുക്കിയത്. 19–-ാംസെഞ്ചുറി നേടിയ ബാബർ 131 പന്തിൽ 151 റണ്ണടിച്ചു. 14 ഫോറും നാല് സിക്സറും പറത്തിയ ക്യാപ്റ്റൻ ആറാംഓവറിൽ ബാറ്റ് ചെയ്യാനെത്തി 50–-ാംഓവറിലാണ് മടങ്ങിയത്.
കന്നി സെഞ്ചുറിയടിച്ച ഇഫ്തിഖർ അഹമ്മദ് 71 പന്തിൽ 109 റണ്ണെടുത്ത് പുറത്തായില്ല. 11 ഫോറും നാല് സിക്സറും തൊടുത്ത മുപ്പത്തിരണ്ടുകാരൻ ബാബറുമൊത്ത് അഞ്ചാംവിക്കറ്റിൽ 214 റൺ നേടി. ഓപ്പണർമാരായ ഫഖർ സമാനും (14) ഇമാം ഉൾ ഹഖും (5) ആറ് ഓവറിൽ മടങ്ങി. മുഹമ്മദ് റിസ്വാൻ 50 പന്തിൽ 44 റണ്ണടിച്ച് ബാബർക്ക് പിന്തുണ നൽകി. ആഖാ സൽമാനും (5) ഷദാബ് ഖാനും (4) കാര്യമായൊന്നും ചെയ്യാനായില്ല.
നേപ്പാളിന്റെ മറുപടി ദയനീയമായിരുന്നു. ആദ്യ ഓവറിലെ അവസാന രണ്ട് പന്തിൽ രണ്ട് വിക്കറ്റെടുത്ത് ഷഹീൻ അഫ്രീദി പാകിസ്ഥാന്റെ നിലപാട് വ്യക്തമാക്കി. നസീം ഷായുടെ ആദ്യ ഓവറിലും വിക്കറ്റ്. 10 പന്തിൽ 14 റണ്ണിന് മൂന്ന് ബാറ്റർമാർ കൂടാരം കയറിയതോടെ നേപ്പാൾദുരന്തം ഉറപ്പായി. എന്നാൽ, ആരിഫ് ഷെയ്ഖും (26) സോംപാൽ കാമിയും (28) സമചിത്തതയോടെ പുകൾപെറ്റ പാകിസ്ഥാൻ പേസ് ആക്രമണത്തെ ചെറുത്തുനിന്നു. അവരുടെ മനഃകരുത്തിൽ നേപ്പാൾ നാണക്കേടിൽനിന്ന് രക്ഷപ്പെട്ടു. ഇരുവരും 13 ഓവർ പൊരുതി 59 റണ്ണടിച്ചു. പേസർ ഹാരിസ് റൗഫിനാണ് വിക്കറ്റ്. പിന്നീടെല്ലാം ചടങ്ങായിരുന്നു. അവസാന ഏഴ് വിക്കറ്റുകൾ 31 റണ്ണിന് വീണു. സ്പിന്നർ ഷദാബ് ഖാൻ നാല് വിക്കറ്റെടുത്തു.
ഇന്ന് ബി ഗ്രൂപ്പിൽ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. പനിയെത്തുടർന്ന് ഓപ്പണർ ലിറ്റൺ ദാസിനെ ഒഴിവാക്കിയത് ബംഗ്ലാദേശിന് തിരിച്ചടിയായി. നാളെ കളിയില്ല. ശനിയാഴ്ച എ ഗ്രൂപ്പിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും.
പരിക്ക്: രാഹുൽ ആദ്യ മത്സരങ്ങളിൽ ഇല്ല
ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റൽ ലോകേഷ് രാഹുൽ ഉണ്ടാകില്ല. പരിക്ക് ഭേദമായി പരിശീലനം തുടങ്ങിയെങ്കിലും പൂർണസജ്ജമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇന്ത്യ സെപ്തംബർ രണ്ടിന് പാകിസ്ഥാനെയും നാലിന് നേപ്പാളിനെയും നേരിടും. ആറ് ടീമുകൾ പങ്കെടുക്കുന്ന ഏകദിന ടൂർണമെന്റിൽ ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകൾ സൂപ്പർ ഫോറിലേക്ക് മുന്നേറും. ഇന്ത്യ സൂപ്പർ ഫോറിലെത്തിയാൽ രാഹുലുണ്ടാകും. അതുവരെ ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം തുടരും.
ഇഷാൻ കിഷനായിരിക്കും ടീമിലെ വിക്കറ്റ് കീപ്പർ. സഞ്ജു സാംസൺ പകരക്കാരനായി ടീമിൽ ഉണ്ടെങ്കിലും കളിക്കാനിടയില്ല. രാഹുലിന്റെ കാര്യത്തിൽ സാഹസത്തിനില്ലാത്തതുകൊണ്ടാണ് വിശ്രമം അനുവദിച്ചതെന്ന് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു.















