മുംബൈ
പ്രതിപക്ഷ മഹാസഖ്യമായ ‘ഇന്ത്യ’യുടെ മൂന്നാം സംയുക്തയോഗം വ്യാഴവും വെള്ളിയും മുംബൈയിൽ ചേരും. എൻസിപിയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും കോൺഗ്രസും ആതിഥ്യമരുളുന്ന യോഗത്തിൽ 28 പ്രതിപക്ഷ പാർടിയുടെ 63 നേതാക്കൾ പങ്കെടുക്കുമെന്ന് മഹാവികാസ് അഖാഡി നേതാക്കളായ ശരദ് പവാറും ഉദ്ധവ് താക്കറെയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് യോഗം. പൊതുമിനിമം പരിപാടി, ഉപസമിതി എന്നിവയുടെ രൂപീകരണം, ലോഗോ പ്രകാശനം, കൺവീനറെ തെരഞ്ഞെടുക്കൽ തുടങ്ങിയവയാണ് പ്രധാന അജൻഡ. ലോകസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ മാറ്റത്തിനുള്ള ശക്തമായ ബദൽ മുംബൈ യോഗത്തിൽ ഉരുത്തിരിയുമെന്ന് ശരദ് പവാർ പറഞ്ഞു.പിസിസി പ്രസിഡന്റ് നാനാ പട്ടോള, സഞ്ജയ് റൗത്ത്, ആദിത്യ താക്കറെ, സുപ്രിയ സുലെ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മുംബൈ യോഗം
നിർണായകം
ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ പ്രതിപക്ഷ പാർടികളുടെ യോജിച്ച മുന്നേറ്റത്തിന് മുംബൈയിൽ നടക്കുന്ന ‘ഇന്ത്യ’ മുന്നണി മൂന്നാംയോഗം നിർണായകമാകും. വ്യാഴം വൈകിട്ടോടെ യോഗസ്ഥലമായ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ നേതാക്കൾ എത്തും. തുടർന്ന് അനൗപചാരിക ചർച്ച. 28 പ്രതിപക്ഷ പാർടിയുടെ 63 നേതാക്കൾ സമ്മേളനത്തില് പങ്കെടുക്കും.രാത്രി ഉദ്ധവ് താക്കറെയുടെ അത്താഴ വിരുന്നുണ്ടാകും. വെള്ളി രാവിലെ മുന്നണി ലോഗോ പ്രകാശനവും തുടർന്ന് യോഗവും. വൈകിട്ട് വാർത്താ സമ്മേളനത്തിൽ യോഗ തീരുമാനങ്ങൾ പുതിയ മുന്നണി കൺവീനര് പ്രഖ്യാപിക്കും.
11 അംഗ ഏകോപനസമിതിക്ക് യോഗം രൂപം നൽകിയേക്കും. പ്രചാരണം, സംഘാടനം തുടങ്ങിയവയ്ക്കായി അഞ്ച് ഉപസമിതിക്കും രൂപം നൽകും. പട്ന, ബംഗളൂരു എന്നിവിടങ്ങളിലെ യോഗത്തിന് ശേഷമാണ് നേതാക്കൾ എത്തുന്നത്. കൂടുതൽ പാർടികളും നേതാക്കളും എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം അശോക് ധാവ്ളെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, സഞ്ജയ് റാവത്ത്, മമത ബാനർജി, എം കെ സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ, നിതീഷ് കുമാർ, ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ്, ഹേമന്ത് സോറൻ, ശരദ് പവാർ, സുപ്രിയ സുലെ, ജയന്ത് പാട്ടീൽ, അഖിലേഷ് യാദവ്, ജയന്ത് സിങ് ചൗധരി, കൃഷ്ണ പട്ടേൽ, ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി, ഡി രാജ, ബിനോയ് വിശ്വം, മനോജ് ഭട്ടാചാര്യ, ജി ദേവരാജൻ, വൈക്കോ, തോൽ തിരുമാവളവൻ, ദീപാങ്കർ ഭട്ടാചാര്യ, എം എച്ച് ജവാഹിറുല്ല, കാദർ മൊഹിദീൻ, പി കെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങൾ, ജോസ് കെ മാണി, പി സി തോമസ് തുടങ്ങിയവരെത്തും.