ന്യൂയോർക്ക്
യുഎസ് ഓപ്പൺ ടെന്നീസിൽ ചാമ്പ്യൻ കാർലോസ് അൽകാരസ് രണ്ടാംറൗണ്ടിൽ. ആദ്യ കളിക്കിടെ എതിരാളി ജർമനിയുടെ ഡൊമനിക് കോപ്ഫെർ പരിക്കേറ്റ് പിൻമാറുകയായിരുന്നു. അപ്പോൾ സ്പാനിഷ് താരം 6–-2, 3–-2ന് മുന്നിലായിരുന്നു. ഇതിഹാസതാരം റോജർ ഫെഡറർക്കുശേഷം കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ് ഇരുപതുകാരൻ. ഫെഡറർ 2004 മുതൽ 2008 വരെ തുടർച്ചയായി അഞ്ചുതവണ കിരീടം നേടിയിരുന്നു.
മൂന്നാം സീഡ് റഷ്യയുടെ ഡാനിൽ മെദ് വദേവ് അനായാസ ജയം കുറിച്ചു. ഹംഗറിയുടെ അറ്റില ബലാസിനെയാണ് കീഴടക്കിയത്. മുൻ ചാമ്പ്യൻ ബ്രിട്ടൻ്റെ ആൻഡി മറെ ഇരുനൂറാം ഗ്രാൻഡ് സ്ലാം മത്സരത്തിൽ ഫ്രഞ്ച് താരം കോറെൻടിൻ മൗടെറ്റിനെ പരാജയപ്പെടുത്തി.
വനിതകളിൽ മുൻ ചാമ്പ്യൻ അമേരിക്കയുടെ വീനസ് വില്യംസ് പുറത്തായി. രണ്ടു തവണ കിരീടം നേടിയ വീനസിനെ ബൽജിയംകാരി ഗ്രീറ്റ് മിന്നെൻ തോൽപിച്ചു. ചാമ്പ്യൻ പോളണ്ടുകാരി ഇഗ ഷ്വാടെക്, റണ്ണറപ്പ് ടുണീഷ്യയുടെ ഓൺസ് ജാബർ, രണ്ടാം സീഡ് അരീന സബലെങ്ക, അമേരിക്കയുടെ ജെസീക പെഗുല എന്നിവർ രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി.















