കൊൽക്കത്ത
ഡ്യുറൻഡ് കപ്പ് ഫുട്ബോളിൽ 19 വർഷത്തെ ഇടവേളയ്ക്കുശേഷം ഈസ്റ്റ് ബംഗാൾ ഫൈനലിൽ കടന്നു. ഷൂട്ടൗട്ടിലേക്ക് നീണ്ട സെമിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി (5-–-3). നിശ്ചിതസമയത്ത് ഇരുടീമുകളും രണ്ട് ഗോൾവീതം നേടി. ഷൂട്ടൗട്ടിൽ ഈസ്റ്റ് ബംഗാൾ അഞ്ച് കിക്കും ലക്ഷ്യത്തിലെത്തിച്ചു. നോർത്ത് ഈസ്റ്റിന്റേത് മൂന്നെണ്ണം ഗോളായി.
നന്ദകുമാർ ശേഖറാണ് കൊൽക്കത്തക്കാരുടെ ഹീറോ. പരിക്ക് സമയത്തിന്റെ ഏഴാംമിനിറ്റിലായിരുന്നു. രണ്ടാമത്തെ സമനില ഗോൾ. രണ്ട് ഗോളിന് പിന്നിൽനിന്നശേഷമാണ് ഈസ്റ്റ് ബംഗാളിന്റെ തിരിച്ചുവരവ്. സ്പാനിഷ് പ്രതിരോധക്കാരൻ മിചൽ സബാകോയാണ് നോർത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചത്. ഫൽഗുനി സിങ് ലീഡുയർത്തി. നോരം മഹേഷ് സിങ്ങിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് കുറച്ചു. ഒടുവിൽ തമിഴ്നാട്ടുകാരൻ നന്ദകുമാർ നിർണായക സമനില കണ്ടെത്തി. ഗ്രൂപ്പ് മത്സരത്തിൽ മോഹൻ ബഗാനെതിരെ നേടിയ വിജയഗോളും ഇരുപത്തേഴുകാരന്റേതായിരുന്നു.
ഷൂട്ടൗട്ടിലും നോർത്ത് ഈസ്റ്റിനെ നിർഭാഗ്യം പിന്തുടർന്നു. പാർഥിബ് സിങ്ങിന് രണ്ട് അവസരം കിട്ടിയെങ്കിലും പാഴായി. ആദ്യ കിക്ക് ഈസ്റ്റ് ബംഗാൾ ഗോളി പ്രഭ് സുഖൻ രക്ഷപ്പെടുത്തിയെങ്കിലും റഫറി അംഗീകരിച്ചില്ല. കിക്ക് എടുക്കുന്നതിനുമുമ്പ് ഗോളി നീങ്ങിയെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ, രണ്ടാംതവണയും പാർഥിബിന് പിഴച്ചു. ഇന്ന് വൈകിട്ട് ആറിന് രണ്ടാംസെമിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് എഫ്സി ഗോവയെ നേരിടും. സോണി ടെൻ 2 ചാനലിൽ തത്സമയം കാണാം. സെപ്തംബർ മൂന്നിനാണ് ഫൈനൽ.















