പുതുപ്പള്ളി
പാവപ്പെട്ടവർക്ക് ഓണക്കിറ്റ് നൽകുന്നതിനെ ചിലർ ഭയക്കുന്നതെന്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ തെരഞ്ഞെടുപ്പു പൊതുയോഗങ്ങൾ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വറുതിയുടെ ഓണമെന്ന് ആക്ഷേപിച്ചവർക്ക് മറുപടിയായി സമൃദ്ധിയുടെ ഓണമാണ് സർക്കാർ സമ്മാനിച്ചത്. ആറുലക്ഷത്തിലധികം പേർക്ക് കിറ്റ് നൽകി. മുൻവർഷങ്ങളിലും നൽകിയിട്ടുണ്ട്.
പുതുപ്പള്ളിയിൽ തടസ്സപ്പെടുത്താൻ ചിലർ നോക്കി. ഇവിടുത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി അക്കാര്യത്തിൽ ഫലപ്രദമായി ഇടപെട്ടു. വിലക്ക് മാറ്റി ഉത്തരവ് വന്നു. ആ ഉത്തരവിൽ പറയുന്നു; കിറ്റിൽ ആരുടെയും ചിത്രം പാടില്ലെന്ന്. ഇവിടെ അങ്ങനെ ചെയ്യാറുണ്ടോ. അതൊക്കെ കണ്ട് ശീലിച്ച ചിലരാണ് ഇങ്ങനെയൊക്കെ പറയുന്നത്. പുതുപ്പള്ളിയിൽ കിറ്റിനെ ഭയക്കുന്നവർ എന്തെല്ലാം കളിച്ചെന്ന് കാലം തെളിയിക്കട്ടെ. എന്തായാലും കിറ്റ് അടിയന്തരമായി വിതരണംചെയ്യും.
തൊഴിലുറപ്പ് തൊഴിലാളികൾക്കായി 46 കോടി ചെലവഴിച്ചു. 4.5 ലക്ഷം പേർക്ക് ഈ സഹായം കിട്ടി. പരമ്പരാഗത തൊഴിലാളികൾക്ക് 25 കോടിയും നൽകി. പൊതുവിപണിയിൽ 400 കോടിയാണ് ചെലവഴിച്ചത്. സപ്ലൈകോ 1600, കൺസ്യൂമർഫെഡ് 1500, കൃഷിവകുപ്പ് 2000 എന്നിങ്ങനെ ഓണച്ചന്തകളും തുടങ്ങി. 32 ലക്ഷം റേഷൻ കാർഡ് ഉടമകളിലേക്ക് ഓണക്കാലസേവനങ്ങൾ എത്തി. 2,681 മെട്രിക് ടൺ പച്ചക്കറിയും പഴങ്ങളും കുറഞ്ഞവിലയ്ക്ക് കൃഷിവകുപ്പ് വിതരണം ചെയ്തു. 2.5 ലക്ഷം സാധാരണക്കാർക്കും 26,000 കർഷകർക്കും നേട്ടം. 106 കോടി രൂപയുടെ സാധനങ്ങൾ ജനങ്ങളിലേക്കെത്തി. 1900 കോടി സാമൂഹ്യസുരക്ഷാ പെൻഷനായി നൽകി. 60 ലക്ഷം ജനങ്ങളിലേക്ക് ഈ സഹായങ്ങൾ എത്തി. വികസനവും സാമൂഹിക ക്ഷേമവും മുൻനിർത്തിയാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.