ബുഡാപെസ്റ്റ്
ലോക കായികവേദികളിൽ ഇന്ത്യക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ജാവലിൻ ത്രോയിലെ സ്വർണജേതാവ് നീരജ് ചോപ്ര പറഞ്ഞു. ഏത് ഇനത്തിലും ഇന്ത്യൻ താരങ്ങൾക്ക് ജയിക്കാനാകും. പക്ഷേ, അതിന് കഠിനാധ്വാനവും അർപ്പണബോധവും വേണം. ഒറ്റ രാത്രികൊണ്ട് മെഡൽ സാധ്യമല്ല. അതിനായി മടിയില്ലാതെ പ്രയത്നിച്ചുകൊണ്ടേയിരിക്കണം.
ലോക ചാമ്പ്യൻഷിപ്പിലെ
വിജയം ?
ഈ വേദിയിൽ ഒരു മെഡൽ സ്വപ്നമായിരുന്നു. ഒളിമ്പിക്സിനുശേഷം ഇതിനുവേണ്ടിയാണ് കാത്തിരുന്നത്. ഒളിമ്പിക്സ് സ്വർണംപോലെ പ്രധാനമാണ് ലോക ചാമ്പ്യൻഷിപ്പിലെ മെഡൽ. അത്രയ്ക്കും കടുത്തമത്സരമാണ് വേദിയിൽ. സമ്മർദം നല്ലപോലെ അതിജീവിക്കാനായതാണ് നിർണായകമായത്. ആദ്യ ഏറ് ഫൗളായെങ്കിലും നന്നായി തിരിച്ചുവരാനായി.
ആദ്യത്തെ ആറ് സ്ഥാനങ്ങളിൽ മൂന്ന് ഇന്ത്യക്കാരുണ്ടെന്നത് ചെറിയ നേട്ടമല്ല. ആദ്യ ലോക ചാമ്പ്യൻഷിപ്പിനെത്തിയ കിഷോർ കുമാർ ജെനയും ഡി പി മനുവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കരിയറിലെ മികച്ച ത്രോയിലൂടെ ജെന അഞ്ചാംസ്ഥാനത്തെത്തി. വിസ പ്രശ്നംമൂലം ജെനയുടെ പങ്കാളിത്തംപോലും അനശ്ചിതത്വത്തിലായിരുന്നു. അതെല്ലാം മറികടന്നാണ് മികവു കാട്ടിയത്. ഇരുവരും ഭാവിയിൽ ഇന്ത്യക്കായി മെഡൽ കൊണ്ടുവരും. ലോക ചാമ്പ്യൻഷിപ് ഇന്ത്യയെസംബന്ധിച്ചും പ്രധാനമാണ്. ജാവലിൻ ത്രോയിൽ മൂന്ന് താരങ്ങൾ ഫൈനലിലെത്തി. റിലേ ടീം ഏഷ്യൻ റെക്കോഡോടെ ഫൈനലിൽ കടന്നു. വനിതകളുടെ സ്റ്റീപ്പിൾ ചേസിൽ പാരുൾ ചൗധരി ദേശീയ റെക്കോഡോടെ പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടി. ലോങ്ജമ്പിൽ ജെസ്വിൻ ആൽഡ്രിൻ ഫൈനലിലെത്തി. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ പുതിയ ഇനങ്ങളിൽ പുതിയ താരങ്ങൾ ഉയർന്നുവരുന്നുണ്ട്.
അടുത്ത ലക്ഷ്യം ?
മത്സരപരിചയത്തിനൊപ്പം പ്രകടനത്തിലെ സ്ഥിരതയാണ് പ്രധാനം. അതിലാണ് എന്റെ ശ്രദ്ധ. എങ്കിൽ മെഡലും പുതിയ ദൂരവും പിന്നാലെ വരും. ജാവലിൻ ത്രോ പതിറ്റാണ്ടുകളായി യൂറോപ്യൻ താരങ്ങൾ ആധിപത്യം പുലർത്തിയ മത്സര ഇനമാണ്. അവിടെയാണ് എനിക്ക് സ്വർണവും പാകിസ്ഥാന്റെ അർഷാദ് നദീമിന് വെള്ളിയും കിട്ടുന്നത്. അഞ്ചും ആറും സ്ഥാനങ്ങളിൽ ഇന്ത്യക്കാർ വരുന്നതും. കൂടുതൽ രാജ്യങ്ങളും താരങ്ങളും രംഗത്തുവരുന്നത് ജാവലിൻ ത്രോയെസംബന്ധിച്ച് നല്ല കാര്യമാണ്. നദീമുമായി പരസ്പര ബഹുമാനത്തോടെയുള്ള മത്സരം മാത്രമേയുള്ളൂ. ഇനി ഏഷ്യൻ ഗെയിംസിലും മുഖാമുഖം കാണും.
എപ്പോൾ 90 മീറ്റർ മറികടക്കാനാകുമെന്ന ചോദ്യം ഉയരുന്നുണ്ട്. ഞാൻ അതേക്കുറിച്ച് ബോധവാനേയല്ല. കഴിഞ്ഞവർഷമാണ് 89.94 മീറ്റർ എറിഞ്ഞത്. 90 മീറ്ററിലേക്ക് ആറ് സെന്റീമീറ്റർ കുറവ്. ആ ലക്ഷ്യം എപ്പോൾ വേണമെങ്കിലും നേടാം. അത് ഈ വർഷമോ അടുത്തവർഷമോ ആകാം. തൊട്ടടുത്തുള്ള ആ ദൂരത്തെക്കുറിച്ച് എനിക്കെന്തായാലും ആശങ്കയില്ല.
ഇന്ത്യയുടെ മികച്ച താരം ?
ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരമെന്ന വിശേഷണത്തിനൊന്നും സമയമായിട്ടില്ല. പ്രായം 25 ആയിട്ടേയുള്ളു. ഇനിയുമൊരുപാട് മത്സരങ്ങൾ ബാക്കി. എത്രയെത്ര ചാമ്പ്യൻഷിപ്പുകൾ മുന്നിലുണ്ട്. പുതിയ ദൂരത്തിലേക്ക് ഇനിയും ജാവലിൻ പായിക്കണം. പുതിയ താരങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ എന്റെ നേട്ടങ്ങൾ ഉപകരിക്കുമെന്നാണ് കരുതുന്നത്. ലോകവേദിയിൽ ധൈര്യത്തോടെ മത്സരിക്കാനും മെഡൽ നേടാനും ഓരോ ഇന്ത്യക്കാരനും സാധ്യമാകുമെന്നാണ് പ്രതീക്ഷ.