നിസ്വ (ഒമാൻ)> വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും താല്പര്യങ്ങൾ അവഗണിച്ച് ഏകപക്ഷീയമായി മുന്നോട്ട് പോവുന്ന ഇന്ത്യൻ സ്കൂൾ മാനേജ്മന്റ് കമ്മിറ്റിക്കെതിരെ സ്കൂൾ രക്ഷിതാക്കൾ കടുത്ത പ്രതിഷേധത്തിൽ.
രക്ഷിതാക്കളുടെ ആശങ്കകൾ ചർച്ച ചെയ്യാൻ ഓപ്പൺ ഫോറം വിളിക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതു വരെ മാനേജ്മെന്റ് അതിനു തയ്യാറായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചും എത്രയും പെട്ടെന്ന് മീറ്റിങ് വിളിക്കണമെന്നു ആവശ്യപ്പെട്ട് കൊണ്ടും നിസ്വ ഇന്ത്യൻ സ്കൂൾ പേരന്റ്സ് ഫോറം വീണ്ടും നിവേദനം നൽകി.
മാനേജ്മെന്റിന്റെ നിലപാടിൽ മാറ്റമില്ല എങ്കിൽ ഇന്ത്യൻ സ്കൂൾ ബോർഡിനെ പരാതിയുമായി സമീപിക്കുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് പേരന്റ്സ് ഫോറം ഭാരവാഹികളായ സുബൈർ, സുനിൽ കുമാർ, ബിജു, കിരൺ, അനീഷ്, റെജി എന്നിവർ അറിയിച്ചു