ന്യൂഡൽഹി
മണിപ്പുരിൽ ചൊവ്വാഴ്ച ചേരാനിരിക്കുന്ന ഒരു ദിവസത്തെ നിയമസഭാ സമ്മേളനം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കുക്കി സംഘടനകൾ. കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റി (സിഒടിയു), തദ്ദേശീയ ഗോത്രനേതൃത്വ വേദി (ഐടിഎൽഎഫ്) എന്നിവരാണ് ആവശ്യമുന്നയിച്ചത്. നിലവിലെ സാഹചര്യത്തിൽ കുക്കി എംഎൽഎമാർക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി ഇംഫാലിൽ എത്താനാകില്ലെന്നും സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ സമ്മേളനം മാറ്റിവയ്ക്കണമെന്നുമാണ് നിലപാട്.
ആഗസ്ത് 21ന് സമ്മേളനം വിളിക്കാൻ സംസ്ഥാന മന്ത്രിസഭ ഗവർണറോട് അഭ്യർഥിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. തുടർന്ന്, കേന്ദ്രവുമായി കൂടിയാലോചിച്ചാണ് ഗവർണർ ചൊവ്വാഴ്ച നിയമസഭ വിളിച്ചുചേർത്തത്. സുരക്ഷാകാരണങ്ങളാൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെന്ന് 10 കുക്കി എംഎൽഎമാർ അറിയിച്ചിട്ടുണ്ട്. എംഎൽഎമാർക്ക് ആവശ്യമായ സുരക്ഷയൊരുക്കാമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് അറിയിച്ചെങ്കിലും കുക്കി എംഎൽഎമാർ നിലപാട് മാറ്റിയിട്ടില്ല.
ജനസംഖ്യയിൽ വലിയൊരു വിഭാഗത്തിന്റെ പ്രതിനിധികൾക്ക് എത്താനാകില്ലെന്നറിഞ്ഞിട്ടും സഭ ചേരുന്നത് അധാർമികമാണ്. ഭൂരിപക്ഷ സമുദായത്തിന്റെ ഗൂഢലക്ഷ്യങ്ങൾ കൂടിയാണ് ഇത്തരം നീക്കങ്ങളിലൂടെ വെളിപ്പെടുന്നത്. സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തിക്കാൻ ആത്മാർഥമായ ആഗ്രഹമുണ്ടെങ്കിൽ സർക്കാർ രാജിവച്ച് ഒഴിയുകയാണ് വേണ്ടതെന്നും കുക്കി സംഘടനകൾ അഭിപ്രായപ്പെട്ടു.















