ന്യൂഡൽഹി
ഡൽഹിയിൽ ഇക്കൊല്ലം സൈബർ തട്ടിപ്പ് കേസുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയായി. ജനുവരി–- ആഗസ്ത് കാലത്ത് 25,000 സൈബർ തട്ടിപ്പ് കേസാണ് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത്. 2022ലെ സമാനകാലയളവിൽ ഇത്തരം കേസുകളുടെ എണ്ണം 8000 ആയിരുന്നു. ഈ വർഷം യുപിഐ ഇടപാട് തട്ടിപ്പുമുതൽ വ്യാജ ഇ–-മെയിൽ അയച്ചുള്ള പണാപഹരണംവരെയുള്ള മാർഗങ്ങളിലൂടെ 200 കോടിയിൽപരം രൂപയാണ് തട്ടിയെടുത്തത്. ഇതിൽ -പത്ത് കോടിയോളം രൂപമാത്രമാണ് തിരിച്ചുപിടിക്കാനായത്. 2022 ജനുവരിമുതൽ ഇക്കൊല്ലം ജൂൺവരെ സൈബർ തട്ടിപ്പ് സംബന്ധിച്ച് 2.2 ലക്ഷം പരാതി ലഭിച്ചതായി രേഖകൾ വ്യക്തമാക്കുന്നു.
ഇതിൽ ചെറിയ ശതമാനംമാത്രമാണ് എഫ്ഐആർ ആയി മാറുന്നത്. ബാങ്ക് ഉദ്യോഗസ്ഥർ, നിക്ഷേപക കമ്പനി പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ എന്ന പേരിൽ വിളിച്ച് ബാങ്ക് ഇടപാടുകാരെ കബളിപ്പിക്കുന്ന രീതിയാണ് ഏറ്റവും വ്യാപകം. വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്നവരുമുണ്ട്. ക്രിപ്ടോകറൻസി നിക്ഷേപങ്ങളാണ് തട്ടിപ്പിന്റെ മറ്റൊരു മേഖല.















