ന്യൂഡൽഹി
ചാന്ദ്രയാൻ–3 ദൗത്യം വിജയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച റാഞ്ചി ഹെവി എൻജിനിയറിങ് കോർപറേഷനിലെ (എച്ച്ഇസി) എൻജിനിയർമാർക്കും ജീവനക്കാർക്കും 17 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകണമെന്ന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ജീവനക്കാരുടെ ഫെഡറേഷനുകളുടെയും പൊതുവേദി ആവശ്യപ്പെട്ടു. ഐഎസ്ആർഒ എൻജിനിയർമാരുടെയും ശാസ്ത്രജ്ഞരുടെയും തടഞ്ഞുവച്ച സ്ഥാനക്കയറ്റങ്ങൾ ഉടൻ നൽകണം. പൊതുമേഖലയാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന് പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയെങ്കിലും തയ്യാറാകണം. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്എംഎസ്, എൽപിഎഫ്, എഐസിസിടിയു, യുടിയുസി, ടിയുസിസി, എഐയുടിയുസി, സേവ എന്നിവയും സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളും ചേർന്നാണ് പ്രസ്താവന ഇറക്കിയത്.















