മനാമ> താമസനിയമങ്ങള് ലംഘിക്കുന്നവര്ക്ക് സഹായം നല്കുകയും അഭയം നല്കുകയും ചെയ്തതായി കണ്ടെത്തിയാല് പ്രവാസികളെ ഉടന് നാടുകടത്തുമെന്ന് കുവൈത്ത്. നിയമ ലംഘകരെ സഹായിക്കുന്നത് കുവൈത്തിലെ വ്യക്തികളോ സ്ഥാപനങ്ങളോ ആണെങ്കില് കര്ശന നിയമ നടപടികള് നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
താമസനിയമ ലംഘകരെ ഒരു തരത്തിലും സഹായിക്കുകയും പ്രോത്സാഹിപ്പിക്കകയും ചെയ്യരുതെന്നും മന്ത്രാലയം നിര്ദേശിച്ചു. രാജ്യത്ത് ഒന്നര ലക്ഷത്തോളം നിയമ ലംഘകര് ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരെ കണ്ടെത്താന് വിവര ശേഖരണം ഉള്പ്പെടെ സമഗ്രമായ പദ്ധതി നടപ്പാക്കാന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല് അല് ഖാലിദ് സുരക്ഷാ വിഭാഗത്തിന് നിര്ദേശം നല്കി.
താമസ നിയമലംഘകര് കൂടുതലായി ഉണ്ടെന്ന് കരുതുന്ന ജലീബ് അല് ഷുയൂഖ്, ഖൈതാന്, ഫര്വാനിയ, മഹ്ബൂല, അംഘറ, അല് മസ്റ, അല് ജവാഹിര് തുടങ്ങിയ പ്രമുഖ താമസ കേന്ദ്രങ്ങളില് പരിശോധന ശക്തമാക്കും. ഇവിടെ സുരക്ഷാ സേനയുടെ സാന്നിധ്യം ഉണ്ടാകും. കൂടാതെ, പിടിയിലാകുന്ന നിയമലംഘകരെ താമസിപ്പിക്കാന് ജിലീബ് അല് ഷുയൂഖിലെയും ഖൈത്താനിലെയും ഉപയോഗിക്കാത്ത രണ്ട് സ്കൂളുകളില് ഡിറ്റന്ഷന് സെന്റര് ഒരുക്കാന് ആഭ്യന്തര മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയവും സഹകരിക്കും. നിലവില് പൊലീസ് ലോക്കപ്പുകളിലും നാടുകടത്തല് കേന്ദ്രങ്ങളിലും തിരക്ക് കുറക്കാന് ലക്ഷ്യമിട്ടാണ് നടപടി.
തടവിലുള്ള വിദേശികളെ നാടുകടത്തല് എളപ്പമാക്കാന് വിവിധ എംബസികളുമായി ഏകോപനം നടത്തും. ഇതിനായി ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സഹകരിച്ച് പ്രവര്ത്തിക്കും.