മസ്കറ്റ്> ഒമാനിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് കനത്ത ചൂട്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ രേഖപെടുത്തിയ ചൂടിന്റെ കണക്ക് പുറത്ത് വിട്ട് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.
സുഹാർ 45ഡിഗ്രി , റുസ്ഥാക്ക് 44 ഡിഗ്രി , ഇബ്രി 47.5 ഡിഗ്രി , സമായിൽ 44 ഡിഗ്രി , ബൌഷർ 45 ഡിഗ്രി, ദോഫാർ 45 ഡിഗ്രി , മസ്കറ്റ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ 41 ഡിഗ്രി വരെയാണ് തപനില രേഖപ്പെടുത്തിയത്. ഇബ്രിയിൽ 47.5 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തിന്റെ മരുഭൂ പ്രദേശങ്ങളിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം രാജ്യത്ത് വരും ദിവസങ്ങളിൽ താപനില കുറയും അതിന്റെ മുന്നോടിയാണ് ഇത്രയും കനത്ത ചൂടെന്നും വിലയിരുത്തന്നവരും ഉണ്ട്.
ഒമാന്റെ കടലിന്റെയും ഹാജർ പർവതനിരകളുടെയും തീര പ്രദേശങ്ങളിൽ വരും ദിവസങ്ങളിലും 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ തന്നെ തുടരാനാണ് സാധ്യത
കത്തുന്ന ചൂടിൽനിന്ന് തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ തൊഴിൽ മന്ത്രാലയം ഉച്ച വിശ്രമവേള അനുവദിച്ചിട്ടുണ്ട്. ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺ മുതൽ ഓഗസ്റ് വരെയുള്ള കാലയളവിൽ പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയുള്ള സമയങ്ങളിൽ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കാൻ കമ്പനികളും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്.നിയമം ലംഘിക്കുന്ന കമ്പനി ഉടമകൾക്ക് കനത്ത നിയമ നടപടിസ്വീകരിക്കേണ്ടതായി വരും.