കൊൽക്കത്ത
ബംഗാളിലെ ദൂപ്ഗുരി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ. സിപിഐ എമ്മിന്റെ ഈശ്വര ചന്ദ്ര റോയ്, തൃണമൂൽ കോൺഗ്രസിന്റെ നിർമൽ ചന്ദ്ര റോയ്, ബിജെപിയുടെ തപാസ് റോയ് എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. സെപ്തംബർ ആറിനാണ് വോട്ടെടുപ്പ്. ബിജെപി എംഎൽഎ ബിഷ്ണു പാദ റോയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. ജാൽപായ്ഗുരി ജില്ലയിലെ ചായതോട്ട മേഖലയിലാണ് സംവരണ മണ്ഡലമായ ദൂപ്ഗുരി. സിഐടിയു ആണ് പ്രധാന തൊഴിലാളി സംഘടന.
തൃണമൂൽ സർക്കാരിന്റെ അഴിമതിയും അക്രമവും ബിജെപിയുടെ വർഗീയ ചേരിതിരിവും തുറന്നുകാട്ടിയുള്ള പ്രചാരണമാണ് ഇടതുമുന്നണി നടത്തുന്നത്. സിപിഐ എം സംസ്ഥാന നേതാക്കൾ പങ്കെടുത്ത നിരവധി റാലികൾ സംഘടിപ്പിച്ചു. ചായതോട്ടത്തിലെ തൊഴിൽ നഷ്ടപ്പെടൽ, പട്ടിണി എന്നിവ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങളാണ്. സിപിഐ എം സ്ഥാനാർഥിക്ക് കോൺഗ്രസും പിന്തുണ നൽകുന്നു. കഴിഞ്ഞതവണ തൃണമൂലിൽനിന്ന് ബിജെപി സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. മേയിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വ്യാപകമായ ആക്രമണത്തിനിടയിലും മണ്ഡലത്തിലെ നിരവധി പഞ്ചായത്തുകളിൽ ഇടതുമുന്നണി സ്ഥാനാർഥികൾ ജയിച്ചു.