ന്യൂഡൽഹി
ഉത്തർപ്രദേശ് മുസഫർനഗറിലെ സ്വകാര്യ സ്കൂളിൽ മുസ്ലിംവിഭാഗത്തിൽനിന്നുള്ള ഏഴു വയസ്സുകാരനെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തിൽ പരാതി പിൻവലിക്കാൻ കുട്ടിയുടെ അച്ഛനുമേൽ സമ്മർദം. ഖുബ്ബാപുർ ഗ്രാമത്തിലെ കുട്ടിയുടെ വീട്ടിലേക്ക് ഒഴുകിയെത്തുന്ന നേതാക്കൾ വിഷയം ഒത്തുതീർപ്പാക്കാൻ നിർബന്ധിക്കുന്നതായി ‘ദ വയർ’ റിപ്പോർട്ട് ചെയ്തു. അച്ഛൻ ഇർഷാദിനെ കാണാനെത്തിയപ്പോൾ വിഷയം ഒത്തുതീർപ്പാക്കിയെന്ന് ഗ്രാമവാസികൾ അവകാശപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.
പരാതി പിൻവലിക്കാൻ ഗ്രാമത്തലവൻതന്നെ ഇർഷാദിനെ നിർബന്ധിച്ചു. പ്രധാനമായും കരിമ്പുകൃഷി ചെയ്യുന്ന ഹിന്ദു–-മുസ്ലിം വിഭാഗങ്ങൾ ത്യാഗി ജാതിയിൽപ്പെടുന്നവരാണ്. സമൂഹമൈത്രി ‘തകരാതിരിക്കാൻ’ എഫ്ഐആർ പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം. വീഡിയോ പുറത്തുവന്നതിനു പിന്നാലെ സ്കൂൾ പ്രിൻസിപ്പൽകൂടിയായ തൃപ്ത ത്യാഗി ഇർഷാദിനെ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. മകന് നീതി ആവശ്യപ്പെട്ട് നിയമനടപടി തുടരുമെന്ന് വ്യക്തമാക്കിയ അച്ഛൻ പക്ഷേ ‘വിട്ടുവീഴ്ചയ്ക്കുള്ള’ സാധ്യതയും തള്ളിയില്ല. സമാനമായി മറ്റൊരു മുസ്ലിംകുട്ടിയും സ്കൂളിൽ മുമ്പ് മർദനത്തിന് ഇരയായിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
അടിയേറ്റ കുട്ടിയെ സന്ദർശിച്ച്
എസ്എഫ്ഐ
മുസഫർനഗറിലെ സ്കൂളിൽ അധ്യാപികയുടെ ക്രൂരതയ്ക്ക് ഇരയായ കുട്ടിയുടെ വീട്ടിലെത്തി എസ്എഫ്ഐ പ്രതിനിധി സംഘം. ഖുബ്ബപുർ ഗ്രാമത്തിലെ വീട്ടിലെത്തിയ യുപി സംസ്ഥാന പ്രസിഡന്റ് പ്രബുദ്ധ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ഏഴു വയസ്സുകാരന് വിദ്യാഭ്യാസ–- ആരോഗ്യ സഹായം വാഗ്ദാനം ചെയ്തു. കുട്ടിക്ക് സാധ്യമായ എല്ലാ സാഹയവും നൽകുമെന്ന് അച്ഛൻ ഇർഷാദിനെ അറിയിച്ചു. മകൻ ശാരീരികവും മാനസികവുമായ പീഡനങ്ങളിൽനിന്ന് കരകയറിയിട്ടില്ലെന്ന് പ്രതിനിധി സംഘത്തോട് ഇർഷാദ് പറഞ്ഞു. വർഗീയതയ്ക്കെതിരെ സ്കൂളുകളിലും കോളേജുകളിലും പ്രതിരോധമുയർത്തുമെന്നും എസ്എഫ്ഐ അതിന് നേതൃത്വം നൽകുമെന്നും പ്രബുദ്ധ് സിങ് വ്യക്തമാക്കി.