ന്യൂഡൽഹി
വൈദ്യുതി കരാറിന്റെ മറവിൽ അദാനി ഗ്രൂപ്പിന് ഗുജറാത്ത് സർക്കാർ വഴിവിട്ട് നൽകിയത് 3900 കോടി രൂപ. 2018–- 2023 കാലയളവിൽ അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി പവർ മുന്ധ്ര ലിമിറ്റഡിൽനിന്ന് വൈദ്യുതി വാങ്ങിയ ഇനത്തിൽ ഗുജറാത്ത് ഊർജവികാസ് നിഗം ലിമിറ്റഡ് (ജിയുവിഎൻഎൽ) 13,802 കോടി രൂപയാണ് നൽകിയത്. എന്നാൽ, കരാർപ്രകാരം യഥാർഥത്തിൽ നൽകേണ്ടിയിരുന്നത് 9902 കോടി രൂപ മാത്രം. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഇടപാടുകൾ അന്വേഷിക്കാൻ സുപ്രീംകോടതി സമിതിയെവച്ചതോടെ അധികമായി കൈപ്പറ്റിയ 3900 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് അഭ്യർഥിച്ച് ജിയുവിഎൻഎൽ അദാനി ഗ്രൂപ്പിന് കത്തയച്ചു.
ആർടിഐ പ്രകാരമുള്ള ചോദ്യത്തിനു നൽകിയ മറുപടിയിൽ ജിയുവിഎൻഎൽ തന്നെയാണ് അദാനി ഗ്രൂപ്പിന് 3900 കോടി രൂപ അധികമായി നൽകിയെന്ന് സമ്മതിച്ചത്. ഇന്തോനേഷ്യയിൽനിന്ന് വാങ്ങുന്ന കൽക്കരിയുടെ വിലയ്ക്ക് അനുസൃതമായി വൈദ്യുതിനിരക്ക് നൽകാമെന്നായിരുന്നു ജിയുവിഎൻഎല്ലും അദാനി ഗ്രൂപ്പുമായി എത്തിയ ധാരണ. എന്നാൽ, ആഗോളതലത്തിലെ അടിസ്ഥാന വൈദ്യുതിനിരക്കായ ‘അർഗസ്’ നിരക്കിനേക്കാൾ കൂടുതൽ വില ഒരു കാരണവശാലും ജിയുവിഎൻഎൽ നൽകേണ്ടതില്ലെന്നും കരാറിലുണ്ടായിരുന്നു.
ഇന്തോനേഷ്യയിൽ കൽക്കരി വാങ്ങുന്നതിന്റെ ഇൻവോയിസുകളും ലേലരേഖകളുമെല്ലാം ഹാജരാക്കാമെന്നും അദാനി ഗ്രൂപ്പ് കരാറിൽ അറിയിച്ചിരുന്നു. എന്നാൽ, ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതുവരെയായി ബില്ലോ ഇൻവോയിസുകളോ സമർപ്പിച്ചിട്ടില്ലെന്നും ആർടിഐ മറുപടിയിൽ ജിയുവിഎൻഎൽ അറിയിച്ചിട്ടുണ്ട്.
കരാറിന്റെ മറവിൽ വലിയ കൊള്ളയാണ് നടന്നതെന്ന് ഗുജറാത്ത് പ്രതിപക്ഷ നേതാവായ ശക്തിസിങ് ഗോഹിൽ ആരോപിച്ചു. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ അതല്ലെങ്കിൽ മറ്റേതെങ്കിലും ഉന്നതനേതാവോ ഇതിനു പിന്നിലുണ്ട്. ഇത്ര വലിയ അഴിമതി നടന്നിട്ടും എന്തുകൊണ്ടാണ് ഇഡിയോ സിബിഐയോ ഗുജറാത്തിലേക്ക് പോകാത്തതെന്നും- ഗോഹിൽ ചോദിച്ചു.