ന്യൂഡൽഹി
കലാപം അടങ്ങാത്ത മണിപ്പുരിൽ സുരക്ഷാസൈനികരിൽനിന്ന് വീണ്ടും ആയുധങ്ങൾ തട്ടിയെടുത്തു. പടിഞ്ഞാറൻ ഇംഫാൽ ജില്ലയിൽ കുടുംബാരോഗ്യക്ഷേമ മുൻ ഡയറക്ടർ കെ രാജോയുടെ വസതിക്ക് കാവൽനിന്ന സുരക്ഷാസൈനികരിൽ നിന്നാണ് ഒരു സംഘം അജ്ഞാതർ ആയുധങ്ങൾ പിടിച്ചെടുത്തത്. രണ്ട് എകെ 47 തോക്കും തിരകളും ഉൾപ്പെടെയാണ് കവർന്നത്. ആയുധങ്ങൾ വീണ്ടെടുക്കുന്നതിനായി തിരച്ചിൽ നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, ഇംഫാലിലെ ന്യൂ ലാംമ്പുലെൻസ് മേഖലയിൽ ആൾത്താമസമില്ലാത്ത മൂന്ന് വീടുകൾക്ക് ശനിയാഴ്ച രാത്രി അജ്ഞാതൻ തീയിട്ടു.
സംഭവസ്ഥലത്തേക്ക് കടത്തിവിടാൻ പൊലീസിനോടും കേന്ദ്രസേനയോടും നാട്ടുകാർ ആവശ്യപ്പെട്ടത് സംഘർഷത്തിനിടയാക്കി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
നിയമസഭാ സമ്മേളനം ചൊവ്വാഴ്ച ചേരാനിരിക്കെ കുക്കി മേഖലയിലെ ഹിൽ ഏരിയ കൗൺസിലുകൾക്ക് കൂടുതൽ സ്വയംഭരണാധികാരം നൽകാൻ ഒരുക്കമാണെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ അറിയിച്ചു. കുക്കി എംഎൽഎമാരെ നിയമസഭാ സമ്മേളനത്തിന് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിരേൻ സിങ് സർക്കാരിന്റെ നീക്കം. എന്നാൽ മണിപ്പുരിന്റെ അഖണ്ഡതയെ ബാധിക്കും വിധം പ്രത്യേകാധികാരം കുക്കി മേഖലയ്ക്ക് ഒരുകാരണവശാലും നൽകാൻ ഒരുക്കമല്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ചീഫ്സെക്രട്ടറി, ഡിജിപി തസ്തികകളോടെ പ്രത്യേക ഭരണമേഖല വേണമെന്ന ആവശ്യമാണ് കുക്കി സംഘടനകൾ മുന്നോട്ടുവയ്ക്കുന്നത്.