ന്യൂഡൽഹി
ജി–-20 ഉച്ചകോടിക്കായി ഡൽഹി നഗരം അടച്ചൂപൂട്ടുന്നതിനു പുറമെ ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽനിന്നുള്ള നൂറ്ററുപതോളം വിമാന സർവീസും റദ്ദാക്കും. ഉച്ചകോടി നടക്കുന്ന സെപ്തംബർ ഒമ്പതിനും 10നും സർവീസുകൾ റദ്ദാക്കാൻ കമ്പനികൾക്ക് നിർദേശം നൽകിയത്. ആഭ്യന്തരവിമാന സർവീസുകൾ മാത്രമാണ് റദ്ദാക്കുന്നതെന്നും അന്താരാഷ്ട്ര സർവീസുകൾ തുടരുമെന്നും അധികൃതർ പറഞ്ഞു.
രാഷ്ട്രത്തലവന്മാരുടെ വിമാനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ആവശ്യമായതിനാലാണ് കൂട്ടമായി സർവീസുകൾ റദ്ദാക്കുന്നതെന്ന ആരോപണം വിമാനത്താവള അധികൃതർ നിഷേധിച്ചു.
ഗതാഗതനിയന്ത്രണങ്ങളെ തുടർന്നായിരിക്കാം കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നതെന്നും ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു. ഉച്ചകോടിക്ക് എത്തുന്ന രാഷ്ട്രത്തലവന്മാരുടെ വാഹനവ്യൂഹം സംബന്ധിച്ച് തീരുമായെന്നാണ് സൂചന. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വാഹനവ്യൂഹത്തിൽ പരമാവധി 60 വാഹനമുണ്ടായേക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് 20 വാഹനമാകും ഉണ്ടാകുക.