ന്യൂഡൽഹി
ഹരിയാനയിലെ നൂഹിൽ ആറുപേരുടെ മരണത്തിന് ഇടയാക്കിയ വർഗീയകലാപത്തിന് വഴിയൊരുക്കിയ ബ്രജ്മണ്ഡൽ ജലാഭിഷേക് യാത്ര വിലക്ക് ലംഘിച്ചും സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവുമായി സംഘപരിവാർ. പൊലീസ് അനുമതി നിഷേധിച്ചിട്ടും തിങ്കളാഴ്ച നൂഹിൽ യാത്ര സംഘടിപ്പിക്കുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ചു. ക്രമസമാധാന സ്ഥിതി മുൻനിർത്തി യാത്ര ഒഴിവാക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ സംഘപരിവാർ സംഘടനകളോട് അഭ്യർഥിച്ചു.
മതയാത്രകൾക്ക് അനുമതിയുടെ ആവശ്യമില്ലെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി സുരേന്ദ്ര ജയിൻ പ്രഖ്യാപിച്ചു. നമാസിനും മറ്റും അനുമതിയുടെ ആവശ്യമില്ല. ജലാഭിഷേക് യാത്രയും അതുപോലെയാണ്. കഴിഞ്ഞ യാത്രയിൽ ചിലർ ആയുധങ്ങൾ പ്രദർശിപ്പിച്ചതാണ് പ്രശ്നമായത്. ഇക്കുറി ആയുധങ്ങളുമായി ആരും പങ്കെടുക്കില്ല–- ജയിൻ പറഞ്ഞു. വിഎച്ച്പിയും ബജ്റംഗദളുമാണ് യാത്ര വീണ്ടും സംഘടിപ്പിക്കുന്നത്.
നൂഹിൽ സെപ്തംബർ മൂന്ന് മുതൽ ഏഴുവരെ ചേരുന്ന ജി20 ഷെർപ സമ്മേളനം മുൻനിർത്തിയാണ് സംഘപരിവാർ സംഘടനകളുടെ വർഗീയയാത്രയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചിരിക്കുന്നത്. സംഘാടകർ വെല്ലുവിളിച്ചതോടെ നൂഹിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈൽ ഇന്റർനെറ്റും എസ്എംഎസ് സേവനങ്ങളും റദ്ദാക്കി. നൂഹിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. യാത്ര വിലക്കിയ സാഹചര്യത്തിൽ നൂഹിലേക്ക് ഒരു കാരണവശാലും പ്രകടനമായി നീങ്ങരുതെന്ന് ഹരിയാന പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.